തിരുവനന്തപുരം: തൃശൂര്‍ മലക്കപ്പാറ പോലീസ് സ്‌റ്റേഷനില്‍ ആദിവാസി സ്ത്രീയെ പോലീസ് മര്‍ദിച്ചതിനെക്കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

സംഭവത്തിന് ഉത്തരവാദിയായ എ.എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തുവെന്നും സത്യസന്ധമായ അന്വേഷണവുമായി മുന്നോട്ടുപോകുമെന്നും അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയവേ മുഖ്യമന്ത്രി പറഞ്ഞു. ഒരു മോഷണക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായാണ് അമ്പലപ്പാറയിലെ പാറു എന്ന ആദിവാസി സ്ത്രീയെ മലക്കപ്പാറ സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. ഇവിടെ വച്ച് പാറുവും സതീഷ് എന്നൊരാളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടയില്‍ പോലീസ് ചൂരല്‍ കൊണ്ട് പാറുവിനെ കാലില്‍ അടിയ്ക്കുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

Subscribe Us:

അടികൊണ്ട പാറുവിനെ ചാലക്കുടി ആശുപത്രിയില്‍ കൊണ്ടുപോയി. ഡി.വൈ.എസ്.പി അവിടെയെത്തി പാറുവിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആരോപണവിധേയനായ പോലീസുകാരനുമേല്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി അദ്ദേഹത്തിനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ആവശ്യപ്പെട്ടു. പോലീസിന് എന്തുമാകാമെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ആശുപത്രയില്‍ കഴിയുന്ന ആദിവാസി സ്ത്രീയുടെ ചികിത്സാചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അനുമതി നല്‍കിയില്ല. ഇതേ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.