തിരുവന്തപുരം: മുന്‍മന്ത്രിയും കോണ്‍ഗ്രസ് ബി നേതാവുമായ ആര്‍ ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെ അധ്യാപകനെ ഗുരുതരമായി മര്‍ദ്ദിച്ച് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

കടയ്ക്കല്‍ സ്വദേശിയും ജോത്സ്യനുമായ ശ്രീകുമാറിനെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന രണ്ട് ദിവസത്തിന് ശേഷമാണ് കേസില്‍ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ആര്‍. ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം ആര്‍.വി.എച്ച്.എസിലെ അധ്യാപകനായ കൃഷ്ണകുമാറിനെയാണ് ചൊവ്വാഴ്ച രാത്രിയോടെ ഗുരുതരമായ പരിക്കോടെ റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ മലദ്വാരത്തില്‍ തേങ്ങാപൊതിയ്ക്കുന്ന കമ്പിപ്പാര കയറ്റിയ നിലയിലാണ് കണ്ടെത്തിയത്. അധ്യാപകന്റെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.

തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൃഷ്ണകുമാറിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഇദ്ദേഹം ഇത വരെ അപകടനില തരണം ചെയ്തിട്ടില്ല.