കൊട്ടാരക്കര: ആര്‍. ബാലകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം ആര്‍.വി.എച്ച്.എസിലെ അധ്യാപകനെ ഗുരുതരമായി മര്‍ദ്ദിച്ച് റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എച്ച്.എസിലെ അധ്യാപകനായ വാളകം സ്വദേശി കൃഷ്ണകുമാറിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ മലദ്വാരത്തില്‍ തേങ്ങാപൊതിയ്ക്കുന്ന കമ്പിപ്പാര കയറ്റിയ നിലയിലാണ് കണ്ടെത്തിയത്. അധ്യാപകന്റെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.

കൃഷ്ണകുമാറിന്റെ ഭാര്യ ആര്‍.വി.എച്ച്.എസിലെ പ്രധാനാധ്യാപികയാണ്. മാനേജ്‌മെന്റുമായി നിയമയുദ്ധം നടത്തിയാണ് അര്‍ഹതപ്പെട്ട പ്രമോഷന്‍ ഇവര്‍ നേടിയത്. ഇപ്പോഴും ഇത് സംബന്ധിച്ച് കേസ് തുടരുകയാണ്. അന്നുമുതല്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഭീഷണി നിലനില്‍ക്കുകയാണെന്ന് ഭാര്യ ഗീത പറഞ്ഞു.

സംഭവത്തില്‍ ദുരൂഹതയുള്ളതായി പോലീസ് വ്യക്തമാക്കി. പോലീസ് അന്വേഷണം തുടങ്ങി. വാളകം എംഎല്‍എ മുക്കിലെ റോഡില്‍ രാത്രിയില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കാണപ്പെട്ട കൃഷ്ണകുമാറിനെ പോലീസ് എത്തി വാഹനാപകടമാണെന്ന് കരുതി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. അവിടെവച്ചാണ് ആക്രമണമാണെന്ന് അറിഞ്ഞത്.

തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കൃഷ്ണകുമാറിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അപകടനില തരണം ചെയ്തിട്ടില്ല.

അതേസമയം വാളകം ആര്‍.വി.എച്ച്.എസ് സ്‌കൂളുമായി തനിക്ക് ബന്ധമില്ലെന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ വ്യക്തമാക്കി. തന്റെ അച്ഛന്‍ ആര്‍.ബാകൃഷ്ണപിള്ളയുടെ ഉടമസ്ഥതയിലുള്ളതാണ് സ്‌കൂള്‍. സ്‌കൂളില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിയില്ല.

വാളകം ആര്‍.വി.എച്ച്.എസിലെ അധ്യാപകനെ ഗുരുതരമായി മര്‍ദിച്ച സംഭവച്ചില്‍ കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും സത്യം പുറത്തുവരണമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.