കൊട്ടാരക്കര : ആക്രമണത്തിനിരയായ വാളകം ആര്‍.വി.എച്ച്.എസ്.എസിലെ അധ്യാപകന്‍ വൃന്ദാവനത്തില്‍ കൃഷ്ണകുമാര്‍ മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളിയ്‌ക്കെതിരെ മൊഴിനല്‍കിയ ആളെന്ന് റിപ്പോര്‍ട്ട്. പിള്ളയുടെ ഉടമസ്ഥതയിലുള്ള വാളകം ആര്‍.വി.എച്ച്.എസ്.എസിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണവും വകുപ്പുതല അന്വേഷണവും നടന്നുവരികയാണ്. സ്‌ക്കൂളിലെ സാമൂഹ്യശാസ്ത്രം അധ്യാപകനായ കൃഷ്ണകുമാര്‍ പ്രധാനസാക്ഷിയായി മാനേജ്‌മെന്റിനെതിരെ മൊഴി നല്‍കിയിരുന്നു.

കൃഷ്ണകുമാറിന്റെ ഭാര്യ ഗീത ഇതേ സ്‌ക്കൂളിലെ സീനിയര്‍ അസിസ്റ്റന്റാണ്. ഹെഡ്മിസ്ട്രസായി പ്രമോഷന് അര്‍ഹതയുണ്ടായിരുന്നിട്ടും മാനേജ്‌മെന്റ് നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഗീത ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി വിധി അനുകൂലമായതിനെ തുടര്‍ന്ന് പ്രമോഷന്‍ നല്‍കിയെങ്കിലും ചാര്‍ജ് കൈമാറാന്‍ മാനേജ്‌മെന്റ് കൂട്ടാക്കിയില്ല. ഇതുസംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. കൃഷ്ണകുമാറിനു നേരെയുള്ള വധശ്രമവും സ്‌ക്കൂളില്‍ നടക്കുന്ന അന്വേഷണങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഡി.വൈ.എസ്.പി പി.കെ.എന്‍. ആന്റോയ്ക്കാണ് അന്വേഷണച്ചുമതല.

അതിനിടെ, കൃഷ്ണകുമാറിനെ മര്‍ദിച്ചവര്‍ ഉപേക്ഷിച്ചു പോയെതെന്നു സംശയിക്കുന്ന കാര്‍ പത്തനാപുരത്തു കണ്ടെത്തി. പത്തനാപുരത്ത് പട്ടാഴി റോഡിലാണു വെള്ളക്കാര്‍ കണ്ടെത്തിയത്. കൊട്ടാരക്കര ഡി.വൈ.എസ്.പിയും സംഘവുംകാര്‍ പരിശോധിക്കാന്‍ സ്ഥലത്തെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന കൃഷ്ണകുമാറിന്റെ മൊഴി പൊലീസ് ഇന്നു രേഖപ്പെടുത്തിയേക്കും.

ചൊവ്വാഴ്ച രാത്രിയാണ് കൃഷ്ണകുമാറിനെ മര്‍ദ്ദിച്ച് അവശനാക്കി റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ മലദ്വാരത്തില്‍ തേങ്ങാപൊതിയ്ക്കുന്ന കമ്പിപ്പാര കയറ്റിയ നിലയിലാണ് കണ്ടെത്തിയത്. ജനനേന്ദ്രിയവും തകര്‍ന്നിരുന്നു.

ചൊവ്വാഴ്ച രാത്രി 10 മണിയോടടുപ്പിച്ച് കൃഷ്ണകുമാര്‍ ഫോണില്‍ ഭാര്യയെ ബന്ധപ്പെട്ടിരുന്നു. ബസ് കാത്തുനില്‍ക്കുകയാണെന്നും താമസിയാതെ വീട്ടില്‍ എത്തുമെന്നുമാണ് അറിയിച്ചത്. അതുകഴിഞ്ഞ് അരമണിക്കൂറിനകമാണ് സ്‌ക്കൂളിന് സമീപമുളള എം.എല്‍.എ ജംഗ്ഷനില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ അബോധാവസ്ഥയില്‍ കൃഷ്ണകുമാര്‍ കാണപ്പെട്ടത്.

വാഹനാപകടമാണെന്ന് കരുതിയാണ് കൃഷ്ണകുമാറിനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ നടന്ന പരിശോധനയില്‍ അദ്ദേഹത്തിന്റെ ശരീരത്തിലുള്ള മുറിവ് അപകടം മൂലം ഉണ്ടായതല്ലെന്ന് കണ്ടെത്തുകയായിരുന്നു.