കണ്ണൂര്‍ : സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ സഞ്ചരിച്ച വാഹനം മുസ്‌ലീം ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ജില്ലയില്‍ നാളെ ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍.

തളിപ്പറമ്പിനടുത്ത് അരിയില്‍ വച്ചാണ് അമ്പതോളം ലീഗുകാര്‍ കല്ലും ഇരുമ്പുവടിയും മറ്റുമായെത്തി ആക്രമണം നടത്തിയത്. ജയരാജന്‍ സഞ്ചരിച്ച വാഹനം എറിഞ്ഞു തകര്‍ത്തു. ആക്രമണത്തില്‍ ജയരാജനും ടി വി രാജേഷ് എം.എല്‍.എയും അടക്കമുള്ളവര്‍ക്ക് പരിക്കുണ്ട്.

Subscribe Us:

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. തങ്ങളെ വധിക്കാനാണ് ലീഗുകാര്‍ ശ്രമിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു. ഡ്രൈവര്‍ സമര്‍ഥമായി വണ്ടി ഓടിച്ചുകൊണ്ടുപോയതിനാല്‍ ജീവന്‍ രക്ഷിക്കാനായെന്നും ജയരാജന്‍ പറഞ്ഞു.

ജയരാജനും, രാജേഷും തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ജയിംസ് മാത്യു എം.എല്‍.എയും വാഹനത്തിലുണ്ടായിരുന്നു. കൈരളി ടിവി, ദേശാഭിമാനി വാര്‍ത്താ സംഘാംഗങ്ങള്‍ സഞ്ചരിച്ച വാഹനവും ആക്രമിക്കപ്പെട്ടു.

വണ്ടി തടഞ്ഞാണ് ലീഗ് സംഘം ആക്രമണം നടത്തിയത്. വണ്ടി നിര്‍ത്തി ജയരാജന്‍ ഇറങ്ങിയ സമയത്താണ് തല്ലിപ്പൊളിച്ചത്. രാജേഷിന്റെ മുതുകില്‍ കല്ലുകൊണ്ട് ഇടിച്ചു. സി.പി.ഐ.എം ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന പട്ടുവത്ത് അക്രമത്തിനിരയായവരെ സന്ദര്‍ശിക്കാന്‍ വാര്‍ത്താ സംഘവുമായി എത്തിയതായിരുന്നു നേതാക്കള്‍.

സി.പി.ഐ.എം എരിയ സെക്രട്ടറി പി വാസുദേവന്‍ , ഏ സി അംഗം സി മുകുന്ദന്‍ എന്നിവരും കൂടെയുണ്ടായിരുന്നു. ഇവര്‍ക്ക് മുന്നിലായി ഓട്ടോയില്‍ പോയ ഏരിയ കമ്മറ്റിയംഗം കെ ബാലകൃഷ്ണന്‍ ,ദേശാഭിമാനി ലേഖകന്‍ രാജീവന്‍ എന്നിവരെയും ആക്രമിച്ചു. ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ ദിലീപ്, കൈരളി ടിവി പ്രവര്‍ത്തകരായ ഷിജിത്, ബാബുരാജ്, ജയന്‍ തുടങ്ങിയവര്‍ക്കും പരിക്കുണ്ട്. ജയരാജനടക്കം പരിക്കേറ്റവരെയെല്ലാം തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാദേശിക ചാനലായ സീല്‍ ടിവി സംഘം സഞ്ചരിച്ച വാഹനവും ആക്രമിക്കപ്പെട്ടു.

Malayalam News

Kerala News In English