വടക്കാഞ്ചേരി: ഓട്ടുപാറയിലെ  വസ്ത്ര സ്ഥാപനം ഉദ്ഘാടനം ചെയ്യാനെത്തിയ നടി നിത്യാമേനോനുനേരെ കയ്യേറ്റ ശ്രമം. ഉദ്ഘാടനത്തിനെത്തിയ കാണികളിലൊരാള്‍ നടിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ പോലീസ് പിടികൂടി.

നിത്യാമേനോന്‍ ഉദ്ഘാടനത്തിനെത്തുമെന്നറിഞ്ഞ് നിരവധി യുവാക്കള്‍ സ്ഥാപനത്തിനു മുന്നില്‍ തടിച്ചുകൂടിയിരുന്നു. ആരാധകരില്‍ ചിലര്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുക്കുകയും നടിയെ മുട്ടിയുരുമ്മുകയും ചെയ്തതോടെ രംഗം വഷളായി. ഇതിനിടയിലാണ് യുവാവ് നടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. നടി ഉടന്‍ അകന്ന് മാറി. ഇതോടെ സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് യുവാവിനെ പിടികൂടുകയായിരുന്നു.

പൊലീസ് പിടികൂടിയ ഉടന്‍ യുവാവ് തെറ്റു സമ്മതിച്ച് മാപ്പ് പറഞ്ഞു. തുടര്‍ന്ന് ഇയാളെ പൊലീസ് വിട്ടയച്ചു. നിത്യയുടെ കടുത്ത ആരാധകനാണ് ഇയാളെന്ന് പോലീസ് പറയുന്നു.

ഉദ്ഘാടന ചടങ്ങിനിടെ യുവാവിന്റെ പ്രകടനം കണ്ട് സ്ഥാപനത്തില്‍ എത്തിയിരുന്നവര്‍ അമ്പരന്നു. സംഭവം വഷളാകുമെന്നറിഞ്ഞതോടെ ജനം റോഡിലേയ്ക്ക് തള്ളിക്കയറാന്‍ തുടങ്ങി. ഇതോടെ വാഹനഗതാഗതവും ഏറെ നേരം തടസ്സപ്പെട്ടു.

ലക്ഷക്കണക്കിനു രൂപ മുടക്കി ആരംഭിച്ച വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് വേണ്ടത്ര സുരക്ഷാസംവിധാനങ്ങള്‍ ഇല്ലാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു.