കുറ്റിപ്പുറം: എടയുര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം സംഘടിപ്പിച്ച എം.ആര്‍ വാക്‌സിന്‍ ക്യാമ്പിനുനേരെ ആക്രണം. മെഡിക്കല്‍ ഓഫീസര്‍ക്കും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനും പരിക്കേറ്റു. എടയൂര്‍ പി.എച്ച്.സിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്(ജെ.പി.എച്ച്.എന്‍) ശ്യാമളയ്ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്.

ഇന്നു ഉച്ഛയ്ക്ക് 12.30 മണിയോടെ വളാഞ്ചേരി എടയത്തൂര്‍ അത്തിപ്പറ്റ ഗവ.എല്‍.പി സ്‌കൂളില്‍ നടന്ന ക്യാമ്പിന് നേരെയാണ് അക്രമണം നടന്നത്. മെഡിക്കല്‍ ഓഫീസറേയും നഴ്‌സിനേയും അക്രമിച്ച സംഭവത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് നാളെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ വകുപ്പ് ജീവനക്കാര്‍ സമരവും പ്രഖ്യാപിച്ചു. കെ.ജി.എം.ഒ.എയാണ് സമരം പ്രഖ്യാപിച്ചത്.


Also Read:  ഉത്തര്‍പ്രദേശില്‍ മുസ്‌ലിം പുരോഹിതര്‍ക്ക് നേരെ ആക്രമണം; ക്രൂര മര്‍ദ്ദനത്തിനു ശേഷം ട്രെയിനില്‍ നിന്നു വലിച്ചെറിഞ്ഞു


വടിവാളുമായെത്തിയ സംഘമാണ് അക്രമിച്ചെന്നാണ് കെ.ജി.എം.ഒയുടെ ആരോപണം. മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഓ.പി, കാഷ്വാലിറ്റി തുടങ്ങിയവയിലും ഡോക്ടര്‍മാര്‍ ഡ്യൂട്ടിക്കെത്തില്ല.

ജീവനക്കാരുടെ പരാതിയില്‍ കണ്ടാലറിയാവുന്ന നിരവധി പേര്‍ക്കെതിരേ വളാഞ്ചേരി പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും എല്ലാവരും ഒളിവില്‍ പോയിരിക്കുകയാണെന്നാണ് വളാഞ്ചേരി സി.ഐ പറയുന്നത്.