തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്തിനെ ആക്രമിച്ച സംഭവത്തില്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്തു. കണ്ടാലറിയാവുന്ന 25 പേര്‍ക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്.

ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തിനിടെ മേയര്‍ വി.കെ പ്രശാന്തിന് പരിക്കേല്‍ക്കുകയായിരുന്നു.

എം.പി ഫണ്ട് ഉപയോഗിച്ചുള്ള ഹൈമാസ്റ്റ് ലൈറ്റ് പദ്ധതി വേണ്ടെന്ന മേയറുടെ നിലപാടിന് പിന്നാലെയാണ് തര്‍ക്കം ആരംഭിച്ചത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് നഗരത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

മേയര്‍ക്കെതിരെയുള്ള ബി.ജെ.പി മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരും കോര്‍പ്പറേഷന്‍ ജീവനക്കാരും നഗരസഭാ കവാടത്തിന് മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. പുറത്തുനിന്നെത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്ന് എല്‍.ഡി.എഫ് ആരോപിച്ചു.