കണ്ണൂര്‍: തളിപ്പറമ്പ് അരിയിലില്‍ സി.പി.ഐ.എം പ്രവര്‍ത്തകനു വെട്ടേറ്റു. പടവില്‍ മോഹനന്‍ എന്നയാള്‍ക്കാണു വെട്ടേറ്റത്. മോഹനന്റെ വീട് ആക്രമിച്ച അക്രമിസംഘം അദ്ദേഹത്തെ പിടികൂടി വെട്ടുകയായിരുന്നു. തലയ്ക്ക് വെട്ടേറ്റ് ഇയാളെ തളിപ്പറമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിങ്കളാഴ്ച തളിപ്പറമ്പ് അരിയിലില്‍ എത്തിയ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ടി.വി. രാജേഷ് എം.എല്‍.എ എന്നിവര്‍ക്കെതിരെ ആക്രമണമുണ്ടായതിന് പിന്നാലെ കണ്ണപുരത്ത് ഒരു ലീഗ് പ്രവര്‍ത്തന്‍ കുത്തേറ്റ് മരിച്ചിരുന്നു. എം.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം ട്രെഷറര്‍ പട്ടുവം അരിയിലിലെ പുതിയപറമ്പത്ത് അബ്ദുല്‍ ശുക്കൂറാണ് മരിച്ചത്. സി.പി.ഐ.എമ്മുകാരെന്ന് കരുതുന്ന 20 അംഗസംഘമാണ് ശുക്കൂറിന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

പട്ടുവത്ത് ബോംബേറില്‍ പരിക്കേറ്റ അയ്യൂബുമായി വൈകീട്ട് മൂന്നു മണിയോടെ ചെറുകുന്നിലെ ആശുപത്രിയിലേക്ക് തോണിയില്‍ വരുകയായിരുന്നു ശുക്കൂറും മറ്റ് മൂന്നുപേരും. കീഴറ വള്ളുവന്‍ കടവില്‍ ഇറങ്ങിയ ഇവരില്‍ അയ്യൂബ്, സലാം, ഹാരിസ് എന്നിവര്‍ അക്രമിസംഘത്തെ കണ്ട് തോണിയില്‍ തന്നെ തിരിച്ചുപോയി. ശുക്കൂറിനെയും സക്കറിയയെയും മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. സ്ഥലത്ത് പൊലീസ് എത്തിയപ്പോഴേക്കും നെഞ്ചിന് കുത്തേറ്റ ശുക്കൂര്‍ മരിച്ചിരുന്നു.  ഉന്നത പൊലീസ് സംഘവും ഡോഗ് സ്‌കോഡും സ്ഥലത്തെത്തി. പരിക്കേറ്റ സക്കറിയയെ പിന്നീട് തളിപ്പറമ്പ് ലൂര്‍ദ്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശുക്കൂറിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരേതനായ മൂസാന്‍ മുഹമ്മദിന്റെയും ആത്തിക്കയുടെയും മകനാണ് അബ്ദുല്‍ ശുക്കൂര്‍.

അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ സി.പി.ഐ.എം, യു.ഡി.എഫും ഇന്ന് ഹര്‍ത്താലാചരിക്കുകയാണ്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിന് വാഹനഗതാഗതം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. ചില സ്ഥലങ്ങളില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏഴ് പോലീസ് സര്‍ക്കിളുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

അരിയിലില്‍ ഞായറാഴ്ച രാവിലെ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയെ ലീഗ് സംഘം ആക്രമിച്ച് പരിക്കേല്‍പിക്കുകയും ബ്രാഞ്ച് കമ്മിറ്റി ഓഫിസ് തകര്‍ക്കുകയും ചെയ്തിരുന്നു. ഇവിടം സന്ദര്‍ശിക്കാനെത്തിയ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, ടി.വി. രാജേഷ് എം.എല്‍.എ, സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പി. വാസുദേവന്‍ എന്നിവരടങ്ങിയ സംഘത്തിനു നേരെയാണ്  ആക്രമണം നടന്നത്. മുസ്‌ലീംലീഗ് പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് സി.പി.ഐ.എം നേതാക്കള്‍ പറഞ്ഞു.

സി.പി.ഐ.എം ജില്ലാ കമ്മിറ്റിയുടെ കെ.എല്‍ 13 വി. 2727 സ്‌കോര്‍പിയോ കാറില്‍ എത്തിയപ്പോഴായിരുന്നു അക്രമം. ഇവരെ അനുഗമിച്ചെത്തിയ  കൈരളി ടി.വിയിലെയും, ദേശാഭിമാനിയിലെയും മാധ്യമ പ്രവര്‍ത്തകരായ ഷിജിത്ത്, ബാബുരാജ്, ദിലീപന്‍, എം. രാജീവന്‍ എന്നിവര്‍ക്കു നേരെയും  ആക്രമണം നടന്നു. വാഹനം തടഞ്ഞുനിര്‍ത്തി ഇരുമ്പുവടി കൊണ്ട് ആക്രമിച്ചുവെന്നാണ് പരാതി. 200 ഓളം വരുന്ന സംഘമാണ്  ആക്രമിച്ചത്.

Malayalam News

Kerala News In English