ബാഗ്ദാദ്: ബാഗ്ദാദിലെ ക്രൈസ്തവരുടെ വീടുകളെ ലക്ഷ്യമാക്കി നടന്ന ബോംബാക്രമണത്തില്‍ രണ്ടുമരണം. പതിനാല് പേര്‍ക്കു പരിക്കുണ്ട്.

ബാഗ്ദാദിലെ ആറിടങ്ങളിലാണ് ബോംബാക്രമണം നടന്നത്. അല്‍ ഖാദര്‍ ജില്ലയില്‍ ഉണ്ടായ ആക്രമണത്തിലാണ് രണ്ടുപേര്‍ മരിച്ചത്. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

കഴിഞ്ഞ ഒക്ടോബറില്‍ ബാഗ്ദാദിലെ ക്രൈസ്തവ ദേവാലയത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 50ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. താരതമ്യേന ക്രൈസ്തവരുടെ എണ്ണം കൂടുതലുള്ള ജില്ലയാണ് അല്‍-ഖാദിര്‍.

അല്‍-ഖാദിര്‍ കൂടാതെ പടിഞ്ഞാറന്‍ ബാഗ്ദാദിലെ യര്‍മുക്, ഖദ്ര, ഖരാദ, തെക്കന്‍ ബാഗ്ദാദിലെ ദോരസ സെയ്ദിയ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള ഇസ്‌ലാമിസ്റ്റ് ഭീകരരാണ് സംഭവങ്ങള്‍ക്കു പിന്നിലെന്നാണ് സുരക്ഷ ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തല്‍ . ഒക്ടോബറിലെ ആക്രണത്തിനു ശേഷം ഇവിടെനിന്നും നിരവധി ക്രൈസ്തവര്‍ പലായനം ചെയ്തിരുന്നു.