തിരുവനന്തപുരം: തിരുവനന്തപുരത്തെ ബി.ജെ.പി ഓഫീസിനുനേരെ കഴിഞ്ഞദിവസം പുലര്‍ച്ചെയുണ്ടായ ആക്രമണം തടയാന്‍ ശ്രമിച്ച പൊലീസുകാരന് പാരിതോഷികം. 5000രൂപയാണ് പാരിതോഷികമായി ലഭിക്കുക.

ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പൊലീസ് ഓഫീസര്‍ പ്രത്യുഞ്ജയനാണ് പാരിതോഷികം ലഭിക്കുക. പ്രത്യുഞ്ജയനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചശേഷം ഐ.ജി മനോജ് എബ്രഹാമാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

ബി.ജെ.പി ഓഫീസിനു മുന്നിലെത്തിയ അക്രമികളെ തടയാതിരുന്ന രണ്ടു പൊലീസുകാരെ കഴിഞ്ഞദിവസം സസ്‌പെന്റ് ചെയ്തിരുന്നു. അഞ്ചാം സായുധ ബറ്റാലിയനിലെ അഖിലേഷ്, ശ്യാം കൃഷ്ണ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. അക്രമികളെ തടയുന്നതിലെ പൊലീസിന്റെ വീഴ്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.


Must Read: പൊലീസില്‍ ഒരു പണിയുമെടുക്കാത്തവരായി 6000 പേരുണ്ടെന്ന് ടോമിന്‍ തച്ചങ്കരി


വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ബി.ജെ.പി സംസ്ഥാന കാര്യാലയത്തിനുനേരെ ആക്രമണമുണ്ടായത്. കോര്‍പ്പറേഷന്‍ കൗണ്‍സിലറും ഡി.വൈ.എഫ്.ഐ ജില്ലാ ട്രഷററുമായ ഐ.പി ബിനുവിന്റെ നേതൃത്വത്തിലുള്ള നാലംഘ സംഘമായിരുന്നു ആക്രമണത്തിനു പിന്നില്‍.

ഇവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.