കൊച്ചി: സിനിമാ നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പീഡനശ്രമത്തിന് കേസെടുത്തു. പള്‍സര്‍ സുനി ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കമ്മീഷണറുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്.

അതേ സമയം കളമശ്ശേരി കോടതിയില്‍ നടി രഹസ്യമൊഴി നല്‍കി. നടിയെ ആക്രമിച്ച് കാര്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച സംഘം കാറിനകത്ത് വച്ച് അപകീര്‍ത്തിപരമായ ചിത്രമെടുക്കാനും ശ്രമിച്ചെന്നും പരാതിയുണ്ട്

നടിയുടെ മുന്‍ ഡ്രൈവറായിരുന്ന പെരുമ്പാവൂര്‍ സ്വദേശിയായ സുനില്‍ എന്ന പള്‍സര്‍ സുനിയാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞിരുന്നു. പിടിച്ചുപറി, മോഷണം, ക്വട്ടേഷന്‍ പ്രവര്‍ത്തനം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണിയാള്‍.


Read more: ചിറ്റയം ഗോപകുമാര്‍ എം.എല്‍.എയെ ജാതിയമായി അധിക്ഷേപിച്ച സംഭവം; മനോജ് ചരളേലിനെ സി.പി.ഐ സസ്‌പെന്‍ഡ് ചെയ്തു


അക്രമവുമായി ബന്ധപ്പെട്ട് നടിയുടെ കാര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അക്രമവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു.

സിനിമയുടെ ഷൂട്ടിംങ് കഴിഞ്ഞ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് മടങ്ങുന്ന വഴിയായിരുന്നു നടി അതിക്രമത്തിനിരയായത്. അങ്കമാലി അത്താണിയില്‍ താരത്തിന്റെ വാഹനമെത്തിയപ്പോള്‍ കാറില്‍ അതിക്രമിച്ച് കയറിയ രണ്ടുപേര്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തികരമായ ചിത്രമെടുക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

പിന്നീട് പാലാരിവട്ടത്ത് എത്തിയപ്പോള്‍ ഇവര്‍ മറ്റൊരു വാഹനത്തിലേക്ക് മാറി കയറുകയായിരുന്നു. മൂന്നംഗ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് നടി പൊലീസിനോട് മൊഴി നല്‍കിയിരുന്നു.