എഡിറ്റര്‍
എഡിറ്റര്‍
നടന്‍ അനൂപ് ചന്ദ്രന് മര്‍ദനം: പരാതിയുമായി അഭ്യന്തരമന്ത്രിയെ സമീപിച്ചു
എഡിറ്റര്‍
Sunday 2nd September 2012 10:00am

ചലച്ചിത്ര താരം അനൂപ് ചന്ദ്രനെ ഒരു സംഘം അക്രമികള്‍ മര്‍ദിച്ചതായി പരാതി. ദേശീയ പാതയില്‍ തടഞ്ഞുനിര്‍ത്തി പോലീസ് വേഷത്തിലെത്തിയ ഒരു സംഘം തന്നെ മര്‍ദിച്ചെന്നാണ് അനൂപ് പറയുന്നത്. അക്രമികള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ലെന്നും അനൂപ് ആരോപിക്കുന്നു.

Ads By Google

ഈ സംഭവവുമായി ബന്ധപ്പെട്ട് അനൂപ് ചന്ദ്രന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്.

സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ത്തലയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ഷൂട്ടിങ്ങിനായി പോവുകയായിരുന്നു അനൂപ്. കായംകുളത്തിനടുത്ത് കൊറ്റംകുളങ്ങരയില്‍ വണ്ടിനിര്‍ത്തിയിറങ്ങിയ ഉടനെയാണ് കാക്കി വേഷത്തിലെത്തിയ ഏതാനും പേര്‍ അനൂപിനെ പിടികൂടിയത്. റോഡരികിലെ ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നു സംഭവം.

ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഒരാള്‍, കൈപോലും കഴുകാതെ അനൂപിനെ കയറിപ്പിടിക്കുകയും കൂടെനിന്ന് ഫോട്ടോയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന് തയ്യാറാവാത്തതിനെ തുടര്‍ന്ന് ചീത്തവിളിയായി. പോലീസില്‍ പരാതിപ്പെടുമെന്ന് അനൂപ് പറഞ്ഞതോടെ തങ്ങള്‍ പോലീസുകാരാണെന്ന് സംഘം വ്യക്തമാക്കുകയായിരുന്നു.

അനൂപ് ചന്ദ്രന്‍ മദ്യപിച്ചിരുന്നു എന്നും ആരും അദ്ദേഹത്തെ മര്‍ദിച്ചിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്. ഇരുകൂട്ടരും അങ്ങോട്ടുമിങ്ങോട്ടും ചീത്തവിളിക്കുക മാത്രമാണ് ഉണ്ടായതെന്നും പോലീസ് പറയുന്നു. എന്തായാലും ആഭ്യന്തരമന്ത്രിയില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അനൂപ് ചന്ദ്രന്‍.

Advertisement