എഡിറ്റോ-റിയല്‍/ കെ.എം ഷഹീദ്

ബലാത്സംഗത്തിനിരയാകുന്ന സ്ത്രീകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കയാണ്. പ്രായപൂര്‍ത്തിയായ സ്ത്രീകളാണ് ഇരയാക്കപ്പെടുന്നതെങ്കില്‍ രണ്ട് ലക്ഷം രൂപയും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയാണെങ്കില്‍ മൂന്ന് ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കാനാണ് തീരുമാനം. ഇരകളാക്കപ്പെടുന്ന സ്ത്രീ സമൂഹത്തിന് ഗുണകരമെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന ഈ തീരുമാനത്തിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നത് ചെറുത്ത് തോല്‍പ്പിക്കേണ്ട ഭരണകൂട നിഷ്‌ക്രിയത്വവും അപകടകരമായ സ്ത്രീ വിരുദ്ധതയുമാണെന്ന് തുറന്ന് പറയേണ്ടിയിരിക്കുന്നു.

മാനഭംഗത്തിനിരയാകുന്ന സ്ത്രീകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് ആരും എതിരല്ല, അതിനെ സ്വാഗതം ചെയ്യുകയും വേണം. എന്നാല്‍ അത് വേട്ടയാടപ്പെടുന്ന സ്ത്രീ സമൂഹത്തിന് നീതി ലഭ്യമാക്കാന്‍ കഴിയാതെ വരുമ്പോള്‍ ചെയ്യേണ്ട ഒത്തുതീര്‍പ്പല്ല. ഇന്ത്യയില്‍ കേരളമുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളിലും പീഡനങ്ങളിലും ഇരയാക്കപ്പെടുന്നവര്‍ നീതി ലഭിക്കാതെ ദു:ഖം കടിച്ചിറക്കിക്കഴിയുകയാണ്.

അടുത്തിടെ ഉത്തര്‍ പ്രദേശില്‍ ഒരു പെണ്‍കുട്ടിയെ നിയമസംരക്ഷരായ പോലീസുകാരാണ് കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കിയത്. 45 മണിക്കൂറിനിടെ അഞ്ച് പെണ്‍കുട്ടികള്‍ ആ സംസ്ഥാനത്ത് കൊല്ലപ്പെട്ടു. കേരളത്തില്‍ പറവൂരില്‍ പെണ്‍കുട്ടിയെ നൂറോളം പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവം ഇപ്പോള്‍ പുറത്ത് വന്നിരിക്കയാണ്. കേരളത്തില്‍ തന്നെ ഐസ്‌ക്രീം, കവിയൂര്‍, കിളിരൂര്‍, കൊട്ടിയം പെണ്‍വാണിഭക്കേസുകളിലെ ഇരകള്‍ പലരും കൊല്ലപ്പെടുകയും പ്രതികള്‍ അധികാരത്തിന്റെയും സമ്പത്തിന്റെയും മറവില്‍ പുറത്ത് സ്വതന്ത്രരായി നടക്കുകയും ചെയ്യുന്നു.

പോലീസിനെയും കോടതിയെയും നിയമ സംവിധാനങ്ങളെയും അധികാരം ഉപയോഗിച്ച് സ്വാധീനിക്കുന്ന വേട്ടക്കാര്‍ ഇരകള്‍ക്ക് നേരെ നോക്കിച്ചിരിക്കുന്ന കാലത്ത് അവര്‍ക്ക് നീതി വാങ്ങി നല്‍കാന്‍ കഴിയാത്ത് ഭരണകൂടത്തിന്റെ നിസ്സഹായതയായി മാത്രമേ ഈ നഷ്ടപരിഹാരത്തിനെ കാണാന്‍ ഞങ്ങള്‍ക്ക് കഴിയുകയുള്ളൂ. കഴിവും തന്റേടവുമുള്ള ഭരണകൂടത്തില്‍ നിന്ന് ജനങ്ങള്‍ക്ക് ലഭിക്കേണ്ട നീതി ഇതല്ല. ഇത് സ്ത്രീകളുടെ മാനത്തിന് സര്‍ക്കാര്‍ കല്‍പ്പിച്ച് നല്‍കുന്ന വിലയായി മാത്രമേ കണക്കാക്കാന്‍ കഴിയൂ.

പണം നല്‍കിയാല്‍പ്പിന്നെ ഇരകള്‍ നിശ്ശബ്ദരായിക്കൊള്ളുമെന്നാണ് വേട്ടക്കാര്‍ കണക്കുകൂട്ടുന്നത്. സമൂഹത്തിലെ താഴെക്കിടയിലുള്ളവരും ദരിദ്ര കുടുംബങ്ങളില്‍ നിന്നുള്ളവരമുമായ പെണ്‍കുട്ടികളാണ് പലപ്പോഴും പീഡനത്തിനിരയാക്കപ്പെടുന്നത്. അവരുടെ സാഹചര്യങ്ങളെ ചൂഷണം ചെയ്തും പല പ്രലോഭനങ്ങള്‍ നല്‍കിയുമാണ് വേട്ടക്കാര്‍ അവരെ മാംസച്ചന്തയിലേക്ക് കൊണ്ട് പോകുന്നത്. പീഡനക്കേസുകളില്‍ പലതും ഇരകള്‍ക്കോ അവരുടെ ബന്ധുക്കള്‍ക്കോ പണം നല്‍കിയാണ് ഒതുക്കപ്പെടുന്നത്. തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യമില്ലാത്തത് കൊണ്ടും വേട്ടക്കാരോട് ഏറ്റുമുട്ടാന്‍ ശക്തിയില്ലാത്തത് കൊണ്ടും പലരും ഇത്തരം ഒത്തുതീര്‍പ്പുകള്‍ക്ക് വിധേയരാകുകയാണ് ചെയ്യുന്നത്.

വേട്ടക്കാര്‍ മുന്നോട്ട് വെക്കുന്ന പണം എന്ന ഒത്തു തീര്‍പ്പ് ഫോര്‍മുല തത്വത്തില്‍ അംഗീകരിക്കുകയാണ് കേന്ദ്ര സര്‍ക്കാറും ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ദേശീയ വനിതാ കമ്മീഷന്‍ തന്നെയാണ് ഇത്തരമൊരു ശുപാര്‍ശ മുന്നോട്ട് വെച്ചതെന്ന കാര്യമാണ് ഏറെ ലജ്ജാകരം. സ്ത്രീകള്‍ക്ക് എത്ര തന്നെ ഗുണപരമെന്ന് പറഞ്ഞാലും, ഇരകള്‍ക്ക് നീതി ലഭ്യമാകാത്ത ഈ രാജ്യത്ത് അവരുടെ മാനത്തിന് സര്‍ക്കാര്‍ ചുമത്തുന്ന വിലയായി മാത്രമേ ഈ ലക്ഷക്കണക്കുകളെ കാണാനാകൂ.

ഇരകള്‍ക്ക് അടിസ്ഥാനപരമായി ലഭിക്കേണ്ടത് നീതിയാണ്. ആ നീതി നല്‍കാനാവാതെ സര്‍ക്കാര്‍ പണം വെച്ച് നീട്ടുന്നത് ലജ്ജാവഹമാണ്. ഈ പണം പ്രബുദ്ധരായ സ്ത്രീ സമൂഹം പുറം കൈകൊണ്ട് തട്ടുമെന്ന് തന്നെയാണ് ഞങ്ങള്‍ കരുതുന്നത്.