ദുബായ്: സാമ്പത്തിക കുറ്റകൃത്യത്തില്‍ ശിക്ഷിക്കപ്പെട്ട് യു.എ.ഇ ജയിലില്‍ കഴിയുന്ന അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടെന്ന വാദം രാഷ്ട്രീയ മുതലെടുപ്പാണെന്ന് ആരോപണം. സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കിലും ഈ വര്‍ഷം ആഗസ്റ്റില്‍ രാമചന്ദ്രന് ജയില്‍ മോചിതനാകാമെന്നിരിക്കെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്നത് മുതലെടുപ്പിന് വേണ്ടിയാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2015 ഓഗസ്റ്റിലാണ് രാമചന്ദ്രനെ യു.എ.ഇ കോടതി മൂന്നുവര്‍ഷത്തേക്ക് ശിക്ഷിച്ചത്. ശിക്ഷാ കാലാവധി ഈ ആഗസ്റ്റിലാണ് അവസാനിക്കാനിരിക്കുന്നത്.

മാത്രമല്ല മാനുഷിക പരിഗണന നല്‍കി 75 വയസ്സ് പൂര്‍ത്തിയായാല്‍ ക്രിമിനല്‍ കേസിലൊഴികെ ജയിലില്‍ കഴിയുന്ന തടവുകാരെ പൊതുമാപ്പു നല്‍കി വിട്ടയക്കുന്ന യു.എ.ഇ ജയില്‍വകുപ്പിന്റെ നടപടിയും അദ്ദേഹത്തിന് ഗുണം ചെയ്യും.

ജയില്‍ മോചിതനായാലും കടംവീട്ടിയാല്‍ മാത്രമേ അദ്ദേഹത്തിന് യു.എ.ഇ വിട്ട് പോകാന്‍ കഴിയൂ. നിലവിലെ കണക്കുപ്രകാരം പലിശയടക്കം 500 കോടി രൂപയിലേറെ രാമചന്ദ്രന്‍ കൊടുത്തുതീര്‍ക്കാനുണ്ട്.

അതേസമയം ബന്ധുക്കളുടെ അപേക്ഷയെതുടര്‍ന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയ അപേക്ഷയില്‍ രണ്ടുമാസത്തിനുള്ളില്‍ ജയില്‍മോചനത്തിനുള്ള വഴിതെളിയുന്നുവെന്ന വാര്‍ത്ത ബാങ്ക് അധികൃതര്‍ തള്ളി.

അടച്ചുതീര്‍ക്കാനുള്ള തുകകിട്ടാതെ ഒത്തുതീര്‍പ്പിനില്ലെന്ന നിലപാടില്‍ ദോഹ ബാങ്ക്, മഷ്‌റിക്, യൂണിയന്‍ നാഷണല്‍ ബാങ്ക് എന്നിവര്‍ ഉറച്ചു നിന്നു. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടാല്‍ തന്നെ സാമ്പത്തിക കുറ്റകൃത്യത്തില്‍പെട്ട വ്യക്തിക്ക് ജാമ്യം നില്‍ക്കാന്‍ യു.എ.ഇ സര്‍ക്കാരിനു മുന്നില്‍ നിയമ തടസങ്ങള്‍ ഏറെയാണ്.