ദുബായ്: വണ്ടിച്ചെക്ക് കേസില്‍ ദുബായ് ജയിലില്‍ കഴിയുന്ന പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന്‍ ഉടന്‍ മോചിതനായേക്കും.

18 മാസത്തെ ജയില്‍ വാസത്തിന് ശേഷം കേസുകള്‍ നല്‍കിയ ഭൂരിപക്ഷം ബാങ്കുകളും ഒത്തുതീര്‍പ്പിന് തയ്യാറായതോടെയാണ് രാമചന്ദ്രന്റെ മോചനം സാധ്യമാകുന്നത്. രാമചന്ദ്രന്റെ നിയമോപദേശകനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്തതിനെത്തുടര്‍ന്ന് ബാങ്കുകള്‍ നല്‍കിയ പരാതിയില്‍ 2015 ഓഗസ്റ്റ് 23നാണ് അറ്റ്ലസ് രാമചന്ദ്രനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തത്. ദുബായിലെ റിഫ, ബര്‍ദുബായി, നായിഫ് എന്നീ പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

പതിനഞ്ചിലേറെ ബാങ്കുകളില്‍നിന്നാണ് അറ്റ്ലസ് ഗ്രൂപ്പ് 550 ദശലക്ഷം ദിര്‍ഹം (ആയിരം കോടിയോളം രൂപ) വായ്പയെടുത്തിരുന്നത്. അഞ്ചു കോടി ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയതുമായി ബന്ധപ്പെട്ട് ആറു കേസുകളാണു ദുബായിലുള്ളത്.


Dont Miss കെ.പി.സി.സി അധ്യക്ഷ പദവി; കോണ്‍ഗ്രസില്‍ തര്‍ക്കം; ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെയെന്ന് ഐ ഗ്രൂപ്പ് 


വായ്പയെടുത്ത മറ്റുള്ള ബാങ്കുകളോട് കടം തിരിച്ചടയ്ക്കാന്‍ സാവകാശം ആവശ്യപ്പെടുമെന്നും. ഇതിനായി കേന്ദ്രത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

ഇത് ചൂണ്ടിക്കാട്ടി രാമചന്ദ്രന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് അപേക്ഷ സമര്‍പ്പിച്ചു. ഒമാനിലെ അറ്റ്ലസിന്റെ രണ്ട് ആശുപത്രികള്‍ വിറ്റുലഭിക്കുന്ന തുകയില്‍ നിന്ന് ആദ്യഘഡു നല്‍കി ബാങ്കുകളുമായി ഒത്തുതീര്‍പ്പ് നടത്താനാണ് ശ്രമം.

പ്രമുഖ വ്യവസായി ബിആര്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള എന്‍എംസി ഗ്രൂപ്പ് ആശുപത്രികള്‍ ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നാണ് അറിയുന്നത്.