തിരുവനന്തപുരം: കായിക വകുപ്പിന് കീഴില്‍ എലൈറ്റ് അത്‌ലറ്റിക്‌സ് ട്രെയിനിങ് സെന്ററുകള്‍ ആരംഭിക്കുന്നു. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം കാര്യവട്ടത്തെ എല്‍എന്‍സിപിഇയില്‍ അക്കാദമി സ്ഥാപിക്കാനാണ് ഉദേശിക്കുന്നത്.

Ads By Google

ഇതിന് ശേഷം മറ്റ് ജില്ലകളിലും സെന്ററുകള്‍ ആരംഭിക്കും. കായിക താരങ്ങള്‍ക്ക് അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനാവശ്യമായ ശാസ്ത്രീയ പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് അക്കാദമി സ്ഥാപിക്കുന്നത്.

ഒരു കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയുടെ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയായതായി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് പറഞ്ഞു.

അക്കാദമി അടുത്ത വര്‍ഷം ആദ്യം പ്രവര്‍ത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.  16നും 22 നും ഇടയില്‍ പ്രായമുള്ള, സ്‌കൂള്‍ കോളജ് മീറ്റുകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മെഡല്‍ ജേതാക്കളായ താരങ്ങള്‍ക്കായിരിക്കും അക്കാദമിയില്‍ പ്രവേശനം ലഭിക്കുക.

ഇവര്‍ക്കു പരിശീലനത്തിനുവേണ്ട അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളും ലഭ്യമാക്കും. ഇതിന് പുറമെ ശാസ്ത്രീയ പരിശീലനവും വിദേശ കോച്ചുകളുടെ സേവനവും ഉറപ്പാക്കും.