എഡിറ്റര്‍
എഡിറ്റര്‍
അതിരുദ്ര മഹായജ്ഞത്തിന്റെ പേരില്‍ സ്‌കൂളിന് രണ്ടുദിവസം അവധി നല്‍കിയത് വിവാദമാകുന്നു
എഡിറ്റര്‍
Friday 9th November 2012 4:18pm

കണ്ണൂര്‍: കണ്ണാടിപ്പറമ്പില്‍ നടന്നുവരുന്ന അതിരുദ്ര മഹായജ്ഞത്തിന്റെ പേരില്‍ പുല്ലൂപ്പി ഹിന്ദു എല്‍.പി സ്‌കൂളിന് രണ്ടുദിവസം അവധി നല്‍കിയത് വിവാദമാകുന്നു. യജ്ഞവേദിയില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളാണിത്. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് സ്‌കൂളിന്  അവധി നല്‍കിയത്.

Ads By Google

പ്രാദേശിക ഉത്സവങ്ങളുണ്ടാവുമ്പോള്‍ എ.ഇ.ഒയുടെ അനുമതിയോടെ സ്‌കൂളുകള്‍ക്ക് അവധി നല്‍കാമെന്ന് ചട്ടമുണ്ട്. എന്നാല്‍, യജ്ഞവേദിയുടെ തൊട്ടടുത്തും പരിസരത്തുമുള്ള നിരവധി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ദൂരെയുള്ള സ്‌കൂളിന് അവധി നല്‍കിയതിനെതിരെ ഒരുവിഭാഗം രക്ഷിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

യജ്ഞവേദിയുടെ തൊട്ടടുത്തുള്ള കണ്ണാടിപ്പറമ്പ് ഗവ. ഹയര്‍സെക്കന്ററി
സ്‌കൂള്‍, കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്‌കൂള്‍ തുടങ്ങിയ വിദ്യാലയങ്ങള്‍ പതിവുപോലെ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. ചില രക്ഷിതാക്കള്‍ എ.ഇ.ഒയുമായി ബന്ധപ്പെട്ടപ്പോള്‍ വാക്കാല്‍ അനുമതി ചോദിച്ചിട്ടേയുള്ളൂവെന്ന മറുപടിയാണ് ലഭിച്ചത്.

മറ്റുചിലര്‍ വിളിച്ചപ്പോള്‍ വെള്ളിയാഴ്ച സ്‌കൂള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ ഹെഡ് മാസ്റ്റര്‍ക്ക് നിര്‍ദേശം നല്‍കിയെന്നായിരുന്നു മറുപടി. പി.ടി.എ കമ്മിറ്റിയില്‍ വിഷയം ചര്‍ച്ച ചെയ്‌തെങ്കിലും മറ്റു വിദ്യാലയങ്ങള്‍ക്ക് അവധിയാണെങ്കില്‍ മാത്രമേ അവധി കൊടുക്കാവൂ എന്നാണ് തീരുമാനമെടുത്തത്.

സ്‌കൂളിലെ സംഘപരിവാര്‍ അനുകൂലികളായ രണ്ട് അധ്യാപകരുടെ താല്‍പര്യപ്രകാരമാണ് സ്‌കൂളിന് അവധി നല്‍കിയതെന്നും ആരോപണമുണ്ട്.
അതേസമയം യജ്ഞം സംഘപരിവാര്‍ സംഘടനകള്‍ മതഭ്രാന്ത് വളര്‍ത്താനുള്ള വേദിയാക്കി മാറ്റിയതിനെതിരെ വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

വര്‍ഗീയത വളര്‍ത്താനുള്ള തന്ത്രമാണ് യജ്ഞമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

യാഗവും യജ്ഞവും മുമ്പും നടന്നിട്ടുണ്ട്. അതിനെ പാര്‍ട്ടി എതിര്‍ക്കുന്നില്ല. വേണ്ടാത്തവര്‍ വിയോജിക്കുമെന്ന് മാത്രം. പക്ഷേ, എല്ലാ വിഭാഗം ജനങ്ങളും താമസിക്കുന്ന ഒരു സ്ഥലത്ത് മതഭ്രാന്ത് വളര്‍ത്താന്‍ ശ്രമിച്ചതിനെയാണ് സി.പി.എം. എതിര്‍ക്കുന്നത്. യജ്ഞത്തിന്റെ നേതൃത്വം സംഘപരിവാര്‍ സംഘടനകളുടെ കൈകളിലായത് എങ്ങനെയാണെന്ന് സംഘാടകര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

നാടിന്റെയും എല്ലാവിധം ജനങ്ങളുടെയും അഭിവൃദ്ധിക്ക് വേണ്ടിയെന്നാണ് യജ്ഞം സംഘടിപ്പിക്കുന്നതെന്നായിരുന്നു സംഘാടകരുടെ അവകാശവാദം. എന്നാല്‍, ഇന്ത്യന്‍സ്വാതന്ത്ര്യത്തെ നിഷേധിച്ചും സോണിയാഗാന്ധിയുടെ മതം പറഞ്ഞ് മതവികാരമുണര്‍ത്തിയുമാണ് അവിടെയെത്തിയ ഹിന്ദുസംഘപരിവാര്‍ നേതാക്കള്‍ പ്രസംഗിച്ചത്.

നേരത്തെ ശാസ്ത്ര സാഹിത്യ പരിഷത്തും മറ്റ് പുരോഗമന സംഘടനകളും സംഘാടകരുടെ വര്‍ഗീയവല്‍ക്കരണ ശ്രമത്തിനെതിരെ പ്രതിഷേധിച്ചിരുന്നു. കോടികള്‍ ചെലവിട്ട് നടത്തുന്ന യജ്ഞത്തിന്റെ സംഘാടകരില്‍ ഭൂരിഭാഗവും ആര്‍.എസ്.എസ് നേതൃത്വത്തിലുള്ളവരാണ്.  സംഘടനയുടെ സഹപ്രാന്ത പ്രചാരക് ആയിരുന്ന കെ.കെ ബാലറാം ആണ് കമ്മിറ്റി ചെയര്‍മാന്‍.

വളണ്ടിയര്‍മാരും മറ്റും സംഘപരിവാര്‍ ബന്ധമുള്ളവരാണ്. വിവിധ മതവിശ്വാസികള്‍ ഐക്യത്തോടെ ജീവിക്കുന്ന പ്രദേശത്ത് വര്‍ഗീയ വിഷംചീറ്റുന്ന ശശികലയെയും കുമ്മനം രാജശേഖരനെയും കൊണ്ടുവന്ന് പരമത വിദ്വേഷം പ്രചരിപ്പിക്കുന്ന പ്രസംഗങ്ങള്‍ നടത്തിയതിനെതിരെ വിശ്വാസികളില്‍നിന്നുതന്നെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്.

Advertisement