തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. പദ്ധതിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ മുന്‍ വൈദ്യുതമന്ത്രി എ.കെ ബാലന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയിലും ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കാത്ത തരത്തിലും പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ പരിസ്ഥിതിയെ നശിപ്പിച്ച്‌കൊണ്ട് ഒരിക്കലും പദ്ധതി നടപ്പാക്കില്ലെന്നും മന്ത്രി പറഞ്ഞു.

അതിരപ്പിള്ളിക്കെതിരെ പ്രധാനമന്ത്രിയോ പ്രധാനമന്ത്രിയുടെ ഓഫസോ പ്രവര്‍ത്തിച്ചിട്ടില്ല. പദ്ധതി സംബന്ധിച്ച് സംസ്ഥാനത്ത് ഇപ്പോഴും ഏകീകരിച്ച അഭിപ്രായം ഉണ്ടായിട്ടില്ല. സര്‍വ കക്ഷി സംഘത്തെ ദല്‍ഹിയിലേക്ക് അയക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു.

പരിസ്ഥിതി പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് അതിരപ്പിള്ളി പദ്ധതിക്കും ഇടക്കൊച്ചി സ്‌റ്റേഡിയത്തിനും അനുമതി നല്‍കില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്തി ജയറാം രമേശ് കേരള സന്ദര്‍ശനവേളയില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പദ്ധതി സംബന്ധിച്ച ആശങ്ക നിലനില്‍ക്കെയാണ് മന്ത്രിയുടെ മറുപടി.