Categories

Headlines

ആതിരപ്പള്ളി പദ്ധതി അനിശ്ചിതത്വത്തില്‍ ; ഗൂഢാലോചന നടന്നു: എ കെ ബാലന്‍

athirappally-projectന്യൂദല്‍ഹി: ആതിരപ്പള്ളി വൈദ്യുത പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കടുത്ത എതിര്‍പ്പ് തുടരുന്നു. പദ്ധതിക്ക് അനുമതി നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി ജയറാം രമേശിന്റെ നിലപാടിനെതിരെ വൈദ്യുതി മന്ത്രി എ കെ ബാലന്‍ ശക്തമായി രംഗത്തെത്തി. പദ്ധതിക്കെതിരെ തുടക്കത്തില്‍ തന്നെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പദ്ധതി കേരളത്തിന് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി പ്രദേശം കണ്ടതുകൊണ്ട് മാത്രം അനുമതി നിഷേധിക്കുന്നത് ക്രമവിരുദ്ധമാണെന്ന് എ കെ ബാലന്‍ ആരോപിച്ചു.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കെ എസ് ഇ ബിക്ക് നല്‍കിയ നോട്ടീസില്‍ പദ്ധതി പ്രദേശത്തെ ആദിവാസികളെയും ജൈവ വൈവിധ്യത്തെയും ദോഷകരമായി ബാധിക്കുമെന്നാണ് പറയുന്നത്. ഒരു ആദിവാസി കുടുംബത്തിനും പദ്ധതി മൂലം ദോഷമുണ്ടാവില്ലെന്നും ജൈവ വൈവിധ്യത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് കേന്ദ്ര മന്ത്രിയെ അറിയിച്ചിട്ടുണ്ട്. പദ്ധതി മൂലം ഒരു ആദിവാസി കുടുംബത്തേയും കുടിയൊഴിപ്പിക്കേണ്ടി വരില്ല. ഈ സാഹചര്യത്തിലും പ്രദേശത്ത് താമസിക്കുന്ന 18 ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമിയും പദ്ധതിയോടനുബന്ധമായി ജോലിയും നല്‍കുന്നതിന് നടപടി സ്വീകരിച്ച് വരികയാണ്്.

2007 ല്‍ പദ്ധതിക്കു കേന്ദ്രാനുമതി ലഭിച്ചതാണ്. അതിനു ശേഷം ഒരു പാരിസ്ഥിതിക പ്രശ്‌നവും പുതുതായി ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ പദ്ധതി റദ്ദാക്കാതിരിക്കാന്‍ കാരണം കാണിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചതെന്തിനെന്ന് വ്യക്തമാക്കണം.

രാവിലെ മന്ത്രി എ കെ ബാലന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ പദ്ധതിയുടെ കാര്യത്തില്‍ വിവേചനപരമായി നടപടി കൈക്കൊള്ളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയതായാണ് അറിയിച്ചിരുന്നത്. ജയറാം രമേശുമായുള്ള കൂടിക്കാഴ്ചക്കുശേഷം വ്യാഴാഴ്ച രാവിലെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് കേന്ദ്രത്തിന്റെ ഉറപ്പിനെക്കുറിച്ച് എ കെ ബാലന്‍ വ്യക്തമാക്കിയത്. എന്നാല്‍ പദ്ധതി പ്രദേശം താന്‍ കണ്ണു കൊണ്ട് കണ്ടതാണെന്നും അനുമതി നല്‍കാനാകില്ലെന്നും രമേശ് മാധ്യമങ്ങളെ അറിയിച്ചതോടെ എ കെ ബാലന്‍ വീണ്ടും വാര്‍ത്താ സമ്മേളനം വിളിച്ച് മന്ത്രിക്കെതിരെ രംഗത്ത് വരികയായിരുന്നു.

പദ്ധതി നടപ്പാക്കിയാല്‍ മേഖലയിലെ ജൈവ വൈവിദ്ധ്യത്തിന് നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ ഇല്ലാതാക്കുമെന്ന് ഉറപ്പ് ലഭിച്ചാല്‍ മാത്രമേ അനുമതി നല്‍കൂവെന്നാണ് ജയറാം രമേശ് വ്യക്തമാക്കിയത്. നിരവധി പരാതികള്‍ ഇതു സംബന്ധിച്ച് കേന്ദ്രത്തിനു മുന്നിലുണ്ട്. ആശങ്കകള്‍ ദൂരീകരിയ്ക്കുന്ന മറുപടി 15 ദിവസത്തിനകം നല്‍കണമെന്നാണ് കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.