തൃശൂര്‍: നിരോധിത രാസവസ്തുവായ പൊട്ടാസ്യം ക്ലൊറൈറ്റ് നിര്‍മ്മാണത്തിനായി ഉപയോഗിച്ചതാണ്  അത്താണിയിലെ സ്‌ഫേടനത്തിന്  കാരണമെന്ന്  റീജനല്‍  എക്‌സ്പ്‌ളോസീവ് കണ്‍ട്രോളര്‍ സുന്ദരേശന്‍. സ്‌ഫോടനത്തില്‍ മരിച്ച ജോഫിയുടെ നിര്‍മ്മാണശാലയില്‍ നടത്തിയ തിരച്ചിലില്‍ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ വെടിമരുന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ദുരന്തസ്ഥലത്തുനിന്ന് എടുത്ത വെടിമരുന്നിന്റെ സാമ്പിളിന്റെ രാസപരിശോധനാഫലം ലഭിച്ചാലെ  സ്‌ഫോടനത്തിന്റെ കാരണം വ്യക്തമാകൂവെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച രാവിലെ 11ഓടെയാണ് സുന്ദരേശനും സംഘവും ദുരന്തസ്ഥലത്തെത്തിയത്. അപകടമുണ്ടായ സ്ഥലം വിശദമായി പരിശോധിച്ച അദ്ദേഹം അവശേഷിച്ച രണ്ട് ഷെഡുകളും  അവയില്‍ സൂക്ഷിച്ചിരുന്ന സാമഗ്രികളും പരിശോധിച്ചു.

സ്‌ഫോടനസ്ഥലത്തിന് താഴെയുള്ള ഷെഡില്‍ നിറയെ വെടിമരുന്നും മറ്റു സാമഗ്രികളുമായിരുന്നു. ഇതിനുസമീപത്തെ പറമ്പില്‍ ചാക്കില്‍ സൂക്ഷിച്ച നിലയില്‍ വെടിമരുന്ന് കണ്ടെത്തുകയും ചെയ്തു.  ജില്ലാ കലക്ടര്‍ പി.എം. ഫ്രാന്‍സിസ്, എ.ഡി.എം പി.കെ. ജയലക്ഷ്മി, സയന്റിഫിക് അസിസ്റ്റന്റ് ലാലി ജയിംസ്, റവന്യൂ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും എക്‌സ്പ്‌ളോസീവ് ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടായിരുന്നു.