ബെയ്ജിങ്: ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ അവതരിപ്പിച്ച ദൃശ്യാവതരണം വിവാദത്തില്‍. സംഘടനയിലേക്ക് പുതുതായി എത്തിയ ഇന്ത്യയെയും പാകിസ്താനെയും സ്വാഗതം ചെയ്യാനായി ബെയ്ജിങ്ങിലെ എസ്.സി.ഒ ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങാണ് കല്ലുകടിയായത്.

ചടങ്ങിന്റെ ഭാഗമായി ഒരുക്കിയ ടാബ്ലോയാണ് ഇന്ത്യയുടെയും പാകിസ്താന്റെയും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കിയത്. ദേശീയ പതാക പാറുന്ന ഡല്‍ഹിയിലെ ചെങ്കോട്ട പാകിസ്താനിലെ ലാഹോറിലുള്ള ഷാലിമാര്‍ ഗാര്‍ഡന്‍സാണെന്നായിരുന്നു ടാബ്ലോയില്‍ കാണിച്ചത്. ഇതാണ് വിവാദമായത്.

ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി, ചൈനയിലെ ഇന്ത്യന്‍ സ്ഥാനപതി വിജയ് ഗോഖലെ, ചൈനയിലെ പാക് സ്ഥാനപതി മസൂദ് ഖാലിദ് എന്നിവര്‍ അടക്കമുള്ളവര്‍ പങ്കെടുത്ത ചടങ്ങിലാണ് സംഘാടകര്‍ക്ക് അബദ്ധം പിണഞ്ഞത്.

പിഴവ് ഇന്ത്യയുടെയും പാകിസ്താന്റെയും നയതന്ത്ര പ്രതിനിധികള്‍ ഉടന്‍ സംഘാടകരുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പിഴവുപറ്റിയെന്ന് സമ്മതിച്ച എസ്.സി.ഒ അധികൃതര്‍ ഖേദപ്രകടനം നടത്തി തലയൂരുകയായിരുന്നു.


Also Read: ‘കുഞ്ഞിന്റെ അച്ഛന് ഇല്ലാത്ത ക്രെഡിറ്റാണ് കുഞ്ഞിന്റെ നൂല് കെട്ടിന് വന്നവര്‍ക്ക്’; മെട്രോയുടെ തൂണുകളില്‍ ‘മെട്രോ യാഥാര്‍ത്ഥ്യമാക്കിയത് നരേന്ദ്ര മോദി’യെന്ന് ബി.ജെ.പിയുടെ അവകാശവാദം; പരിഹസിച്ച് സോഷ്യല്‍ മീഡിയ


ഇന്ത്യയും പാകിസ്താനും പങ്കെടുക്കുന്ന ചടങ്ങില്‍ അവതരിപ്പിച്ച ദൃശ്യാവതരണത്തിന് ഉപയോഗിച്ച ചിത്രങ്ങളും വിവരങ്ങളും പരിശോധിച്ച് ഉറപ്പുവരുത്താതിരുന്നത് വലിയ വീഴ്ചയാണെന്ന് സംഘാടകര്‍ സമ്മതിച്ചു.

കസാഖിസ്ഥാനിലെ അസ്താനയില്‍ കഴിഞ്ഞ ദിവസം നടന്ന ഉച്ചകോടിക്കിടെയാണ് ഇന്ത്യയും പാകിസ്താനും ആറംഗ ഗ്രൂപ്പില്‍ അംഗങ്ങളായത്. ചൈന, കസാഖിസ്ഥാന്‍, കിര്‍ഗിസ്താന്‍, റഷ്യ, താജിക്കിസ്താന്‍, ഉസ്ബക്കിസ്താന്‍, ഇന്ത്യ, പാകിസ്താന്‍ എന്നീ രാജ്യങ്ങളാണ് നിലവിലെ അംഗങ്ങള്‍.