എഡിറ്റര്‍
എഡിറ്റര്‍
ബാങ്കിങ്ങും ഫിനാന്‍സും വേണ്ട: കൊമേഴ്‌സുകാര്‍ ഇനി ഗീതയും വേദവും പഠിച്ചാല്‍ മതിയെന്ന് രാജസ്ഥാന്‍ സര്‍വ്വകലാശാല
എഡിറ്റര്‍
Monday 13th March 2017 2:10pm

ജയ്പൂര്‍: വിദേശ എഴുത്തുകാരെ സിലബസില്‍ നിന്ന് പടിയിറക്കി വിട്ട ശേഷം പുതിയ പരിഷ്‌കാരവുമായി രാജസ്ഥാന്‍ സര്‍വ്വകലാശാല. സര്‍വ്വകലാശാലയിലെ കൊമേഴ്സ് വിഭാഗമാണ് ഡെസര്‍ട്ടേഷന്‍ വിഷയങ്ങളുടെ പട്ടികയില്‍ നിന്ന് ബാങ്കിംഗും ഫിനാന്‍സും ഒഴിവാക്കിയത്. പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയതാകട്ടെ ശ്രീകൃഷ്ണന്‍, മഹാവീരന്‍, ഗീതയുടെ പ്രാധാന്യം, യോഗ എന്നിവയെല്ലാമാണ്.

എംകോം വിദ്യാര്‍ത്ഥികളുടെ ഡെസര്‍ട്ടേഷന്‍ വിഷയങ്ങളിലാണ് സര്‍വ്വകലാശാല മാറ്റം വരുത്തിയത്. ഇന്ത്യയിലെ വേദങ്ങളും മതപരമായി പ്രധാനപ്പെട്ട ആളുകളും ഇന്ത്യന്‍ തത്വചിന്തയുമെല്ലാം നല്‍കിയ മഹത്തായ സംഭാവനകളെ പറ്റി വിദ്യാര്‍ത്ഥികളില്‍ ബോധവല്‍ക്കരണം ഉണ്ടാക്കാനാണ് പുതിയ തീരുമാനമെന്ന് കൊമേഴ്സ് വിഭാഗം തലവന്‍ പ്രൊഫസര്‍ നവീന്‍ മാഥുര്‍ പറഞ്ഞു.


Must Read: പ്രിയ സുഹൃത്തുക്കളേ…നമുക്കാരും ഒരു രൂപയും വെറുതേ തരില്ല എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്; സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളോട് സന്തോഷ് പണ്ഡിറ്റ് 


ഇന്ത്യയില്‍ നിന്നുള്ള മാനേജ്മെന്റ് സിദ്ധാന്തങ്ങള്‍ ലോകവ്യാപകമായി സ്വീകാര്യമായവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തേ വിദേശ എഴുത്തുകാരായ റോബര്‍ട്ട് ഓവന്‍, ജെയിംസ് ബേണ്‍ഹാം, മേരി പാര്‍ക്കര്‍ ഫോല്ലെറ്റ് എന്നിവരുടെ സിദ്ധാന്തങ്ങള്‍ ഒഴിവാക്കി പകരം സ്വാമി വിവേകാനന്ദന്റേയും മഹാത്മാ ഗാന്ധിയുടേയും തത്വചിന്തകളും രാമായണം, മഹാഭാരതം, ഗീത എന്നീ ഗ്രന്ഥങ്ങളില്‍ നിന്നുള്ള ഭാഗങ്ങളും ഉള്‍പ്പെടുത്തിയിരുന്നു.

ഡെസെര്‍ട്ടേഷന്‍ വിഷയങ്ങളിലെ മാറ്റം ഉന്നത വിദ്യാഭ്യാസരംഗത്തെ ‘ഇന്ത്യാവല്‍ക്കരിക്കാനുള്ള’ നീക്കത്തിന്റെ ഭാഗമാണെന്നാണ് കൊമേഴ്സ് വിഭാഗത്തിന്റെ വിശദീകരണം. ഈ വിഷയങ്ങള്‍ കൂടുതലായി പഠിക്കുന്നത് വിദ്യാര്‍ത്ഥികളെ ഇന്ത്യന്‍ മൂല്യങ്ങള്‍ കൂടുതലായി മനസിലാക്കാന്‍ സഹായിക്കുമെന്നും കൊമേഴ്സ് വിഭാഗം പറയുന്നു.

Advertisement