വിബീഷ് വിക്രം

ഒരു തിരസ്‌ക്കാരം കൊണ്ട് ഒരുപാട് കാര്യമുണ്ടായി. ഇന്ത്യന്‍ ഹോക്കി ടീമിന് സമ്മാനങ്ങളുടെ പെരുമഴയാണിപ്പോള്‍. കായികസംഘടനകളും സംസ്ഥാന സര്‍ക്കാരുകളും ടീമിന് സമ്മാനം നല്‍കാന്‍ മത്സരിക്കുകയാണ്.

ഏറ്റവും ഒടുവിലായി ഒറീസ സര്‍ക്കാരും പ്രഥമ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിലെ സംസ്ഥാനത്ത് നിന്നുള്ള മൂന്ന് കളിക്കാര്‍ക്ക് ഒന്നര ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു. ഒറീസയില്‍ നിന്നുള്ള ടീമംഗങ്ങളായ ഇഗ്നേഷ് ടിര്‍ക്കി, മന്‍ജീത് കുലു, റോഷന്‍ മിന്‍ജ് എന്നിവര്‍ക്കാണ് ഒന്നര ലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് പറഞ്ഞത്.

നേരത്തെ ചാംപ്യന്‍മാരായതിന്റെ പേരില്‍ ഹോക്കി ഇന്ത്യ ടീമംഗങ്ങള്‍ക്ക് പ്രഖ്യാപിച്ച 25,000 രൂപ ടീം ഒന്നടങ്കം വേണ്ടെന്ന് വച്ചിരുന്നു. അന്താരാഷ്ട്രതലത്തില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ നേട്ടവുമായെത്തിയപ്പോള്‍ മാതൃ സംഘടനയില്‍ നിന്ന് ലഭിച്ച ഈ നിറം മങ്ങിയ പാരിതോഷികത്തില്‍ പരിഭവിച്ചായിരന്നു ടീമംഗങ്ങള്‍ സമ്മാന തുക നിരസിച്ചത്.

ഹോക്കി ഇന്ത്യയുടെ നടപടിക്കെതിരെ മുന്‍ താരങ്ങളടക്കം പലരും വിമര്‍ശനവുമായി രംഗത്ത് വരികയും ചെയ്തു. ഹോക്കി ഇന്ത്യ പ്രഖ്യാപിച്ച സമ്മാനതുകയുടെ ഞെട്ടലില്‍ നില്‍ക്കുമ്പോഴായിരുന്നു ടീമംഗങ്ങള്‍ക്ക് പഞ്ചാബ് സര്‍ക്കാരിന്റെ വക ആദ്യ സമാശ്വാസ പ്രഖ്യാപനം. ഹോക്കി ഇന്ത്യയെ കൊഞ്ഞനം കുത്തുന്ന നടപടിയിലൂടെ ടീമിന് 25 ലക്ഷം രൂപയാണ് പഞ്ചാബ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

പഞ്ചാബ് ഉപമുഖ്യമന്ത്രിയും കായികമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലാണ് സമ്മാനത്തുക പ്രഖ്യാപിച്ചത്. രാജ്യത്തിനു അഭിമാനിക്കാവുന്ന വിജയം സമ്മാനിച്ച വീരന്മാര്‍ അതിനനുയോജിച്ച ആദരവ് അര്‍ഹിക്കുന്നണ്ടെന്ന് പറഞ്ഞ ബാദല്‍ താരങ്ങളെ പരിഹസിക്കുന്ന കേന്ദ്രനിലപാടിനെതിരെ ആഞ്ഞടിച്ചു. ക്യാപ്റ്റന്‍ രാജ്പാല്‍ സിങ് അടക്കം ഇന്ത്യന്‍ ടീമിലെ 17ല്‍ ഏഴുപേരും പഞ്ചാബില്‍നിന്നുള്ളവരാണ്.

ബാദലിന്റെ പ്രസ്താവന കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു. സംഭവം കൂടുതല്‍ വിവാദമാകുമെന്ന് കണ്ടപ്പോള്‍ സമ്മാനതുകയുടെ വലിപ്പം കൂട്ടി കേന്ദ്ര കായിക മന്ത്രി തന്നെ രംഗത്ത് വന്നു. ഓരോ കളിക്കാരനും ഒന്നരലക്ഷം വീതം സമ്മാനതുക നല്‍കുമെന്നായിരുന്നു കായിക മന്ത്രിയായ അജയ്മാക്കന്റെ പ്രഖ്യാപനം. കൂടാതെ വാഗ്ദാനങ്ങളുടെ നീണ്ട ലിസ്റ്റ് തന്നെ മന്ത്രി അവതരി്പ്പിച്ചു.

ലോകകപ്പ് നേടിയാല്‍ ടീമിലെ ഓരോ അംഗത്തിനും അഞ്ചു ലക്ഷം രൂപ വീതം , ഒളിംപിക് സ്വര്‍ണം നേടിയാല്‍ 25 ലക്ഷം വീതം ഇങ്ങിനെ പോണു മന്ത്രിയുടെ വാഗ്ദാനങ്ങളുടെ നീണ്ട ലിസ്റ്റ്. മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ അതത് സംസ്ഥാനങ്ങളും തങ്ങളുടെ കളിക്കാര്‍ക്ക് സമ്മാന തുകകള്‍ പ്രഖ്യാപിച്ച് രംഗത്ത് വന്നു. ഇന്ത്യന്‍ ടീം അംഗമായ മഹാരാഷ്ട്ര സ്വദേശി യുവരാജ് വാല്‍മീകിക്ക് പത്തു ലക്ഷം രൂപ സമ്മാനമായി നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. യുവരാജിനു സര്‍ക്കാര്‍ജോലി നല്‍കുന്ന കാര്യവും പരിഗണനയിലുണ്ടെന്നു മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ അറിയിച്ചു.

ഏതായാലും ക്രിക്കറ്റ് താരങ്ങളോളം വരില്ലെങ്കിലും ഒരു തിരസ്‌ക്കാരം കൊണ്ട് കഠിനാദ്വാനത്തിലൂടെയും, അര്‍പ്പണമനോഭാവത്തിലൂടെയും, പോരാട്ടവീര്യത്തിലൂടെയും കരസ്ഥമാക്കിയ വിജയത്തിന് അല്‍പ്പമെങ്കിലും അര്‍ഹിച്ച പരിഗണന ലഭിച്ചെന്ന ആശ്വാസത്തിലാണ് ഹോക്കി താരങ്ങള്‍. ഒപ്പം സംഘശക്തിയില്‍ രാജ്യത്തിന്റെ ദേശീയ കായികവിനോദമായ ഹോക്കിയെ പുതിയ തലങ്ങളിലേക്കുയര്‍ത്താമെന്ന പ്രതീക്ഷയിലും.

വാല്‍ക്കഷണം: ലോകകപ്പ ക്രിക്കറ്റില്‍ ഇന്ത്യക്കായി ഉദ്ഘാടന മത്സരത്തിലും ഫൈനലിലും മാത്രമിറങ്ങി തീര്‍ത്തും നിറം മങ്ങിയ പ്രകടനം കാഴ്ചവെച്ച മലയാളി താരം ശ്രീശാന്തിന് ബി.സി.സി.ഐ മാത്രം പാരിതോഷികമായി നല്‍കിയത് രണ്ട് കോടി രൂപ. ഇവിടെ ഒരു മത്സരവും തോല്‍ക്കാതെ ഫൈനലിലെത്തി കിരീടം ചൂടിയ ഇന്ത്യയുടെ കുതിപ്പില്‍ നിര്‍ണായക ഘടകമായ യുവതാരം യുവരാജ് വാല്‍മീകിക്ക് ലഭിച്ച മൊത്തം സമ്മാന തുക പന്ത്രണ്ട് ലക്ഷത്തോളം രൂപ മാത്രം….