എഡിറ്റര്‍
എഡിറ്റര്‍
ഗൂഗിള്‍ നെക്‌സസ് 7 ഇന്ത്യന്‍ വിപണിയില്‍; വില 19,990
എഡിറ്റര്‍
Thursday 8th November 2012 3:24pm

കാത്തിരിപ്പിനൊടുവില്‍ ഗൂഗിളിന്റെ മിനി ടാബ്‌ലറ്റായ നെക്‌സസ് 7 ഇന്ത്യന്‍ വിപണിയിലെത്തി. ഗൂഗിളിനായി അസ്യൂസ് നിര്‍മിക്കുന്ന നെക്‌സസ് 7 ന്റെ വില 19,990 രൂപ മുതലാണ് ആരംഭിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ നാളെ മുതല്‍ നെക്‌സസ് 7 ലഭ്യമായിത്തുടങ്ങുമെന്ന് അസ്യൂസ് ഇന്ത്യയിലെ അലക്‌സ് ഹ്യുവാങ് അറിയിച്ചു.

2012 ജൂണ്‍ അവസാനമാണ് നെക്‌സസ് 7 ഗൂഗിള്‍ അവതരിപ്പിച്ചത്. ഇന്ത്യയില്‍ മുമ്പുതന്നെ അത് എത്തിക്കുമായിരുന്നു, പക്ഷേ, ഗൂഗിളിന്റെ അനുമതി താമസിച്ചതിനാലാണ് ഇന്ത്യന്‍ വിപണിയില്‍ നെക്‌സസ് 7 വൈകിയതെന്ന് ഹ്യുവാങ് പറഞ്ഞു. നെക്‌സസ് 7 ന്റെ 16 ജിബി മോഡലിനാണ് ഇന്ത്യയില്‍ 19,990 രൂപ വില. ഇതേ മോഡലിന് അമേരിക്കയില്‍ വെറും 199 ഡോളര്‍ (10,700 രൂപ) മാത്രമേ വിലയുള്ളൂ.

Ads By Google

നെക്‌സസ് 7 ന്റെ 8 ജിബി മോഡലിനായിരുന്നു മുമ്പ് ഈ വില. 16 ജിബി മോഡലിന് 249 ഡോളര്‍ (13,500) ആയിരുന്നു വില. എന്നാല്‍, 8 ജിബി മോഡല്‍ നിര്‍ത്തലാക്കുന്നതായി കഴിഞ്ഞ ഒക്ടോബര്‍ 29 പ്രഖ്യാപിച്ച ഗൂഗിള്‍, 16 ജിബി മോഡലിന്റെ വില 199 ഡോളറായി കുറച്ചു. ഒപ്പം നെക്‌സസ് 7 32 ജിബി മോഡളിന്റെ ത്രീജി വേര്‍ഷന്‍ അവതരിപ്പിക്കുകയും ചെയ്തു. നെക്‌സസ് 7 ന്റെ 32 ജിബി ത്രീജി വേര്‍ഷന്‍ ഇന്ത്യയില്‍ ലഭ്യമാകുമോ എന്നകാര്യം അസ്യൂസ് വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യയില്‍ ഇപ്പോള്‍ വില്‍പനയ്‌ക്കെത്തിയിട്ടുള്ള മോഡലുകള്‍ വൈഫൈ കണക്ടിവിറ്റിയുള്ളതാണ്. പാശ്ചാത്യരാജ്യങ്ങളില്‍ നെക്‌സസ് 7 ടാബ്‌ലറ്റിന് മികച്ച സ്വീകരണമാണ് ടെക് നിരൂപകര്‍ നല്‍കിയത്. പ്രതിമാസം 10 ലക്ഷം നെക്‌സസ് 7 ടാബ്‌ലറ്റ് വീതം വില്‍ക്കുന്നതായി അസ്യൂസ് കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയിരുന്നു. പിക്‌സല്‍ റിസല്യൂഷനുള്ള ഏഴിഞ്ച് ഡിസ്‌പ്ലെയാണ് നെക്‌സസ് 7 നുള്ളത്. ജെല്ലി ബീന്‍ എന്നറിയപ്പെടുന്ന ആന്‍ഡ്രോയിഡ് 4.1 വേര്‍ഷനിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

എന്‍വിഡിയ ടെഗ്ര 3 പ്രൊസസര്‍ കരുത്തു പകരുന്ന ടാബ്‌ലറ്റിന്റെ മെമ്മറി 1 ജിബിയാണ്. ടാബ്‌ലറ്റിന് പിന്‍ക്യാമറയില്ല. അതേസമയം വീഡിയോ കോളിങ് ഉദ്ദേശിച്ച് 1.2 എംപി ക്യാമറ മുന്‍ഭാഗത്തുണ്ട്. 340 ഗ്രാം ഭാരമുള്ള നെക്‌സസ് 7 ന് 9.5 മണിക്കൂര്‍ ബാറ്ററി ബാക്കപ്പാണ് ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നത്.

Advertisement