വാഷിംഗ്ടണ്‍: 30 വര്‍ഷം മുമ്പുണ്ടായ നക്ഷത്രസ്‌ഫോടനത്തിന്റെ ഫലമായുണ്ടായ കുഞ്ഞന്‍ തമോഗര്‍ത്തത്തെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 1979ല്‍ നക്ഷത്രസ്‌ഫോടനം നടന്നിരുന്നുവെന്ന് അനുമാനിച്ചിരുന്നെങ്കിലും അത് തമോഗര്‍ത്തമായി രൂപാന്തരം പ്രാപിക്കന്നതിന് മുപ്പതിലധികം വര്‍ഷം വേണ്ടിവന്നെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

ഭൂമിയില്‍ നിന്നും 50 മില്യണ്‍ പ്രകാശവര്‍ഷം അകലെയാണ് തമോഗര്‍ത്ത രൂപീകരണത്തിന് കാരണമായ നക്ഷത്രവിസ്‌ഫോടനം നടന്നത്. ഇതുവരെയുണ്ടായതില്‍ വെച്ച് ഭൂമിയുടെ ഏറ്റവും അടുത്ത് നടന്ന സ്‌ഫോടനമാണിതെന്ന് ഹാവാര്‍ഡ് സര്‍വ്വകലാശാലയിലെ ഡാനിയല്‍ പറ്റ്‌നോഡ് അഭിപ്രായപ്പെട്ടു.

ആകാശവിസ്മയങ്ങളെക്കുറിച്ചും നക്ഷത്രസ്‌ഫോടനങ്ങളെക്കുറിച്ചും തമോഗര്‍ത്തങ്ങളെക്കുറിച്ചുമുള്ള പഠനങ്ങള്‍ക്ക് പുതിയ കണ്ടെത്തല്‍ സഹായകമാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്.