എഡിറ്റര്‍
എഡിറ്റര്‍
ഏറ്റവും പഴക്കമുള്ള ഗാലക്‌സി കണ്ടെത്തി
എഡിറ്റര്‍
Saturday 2nd November 2013 2:15am

earliest-galaxy

വാഷിങ്ടണ്‍: പ്രപഞ്ചത്തിന്റെ ആദ്യകാലത്തെക്കുറിച്ചുള്ള നാസയുടെ പഠനത്തില്‍ ഏറ്റവും ദൂരെയുള്ള ഗ്യാലക്‌സി കണ്ടെത്തി. ദൂരെയായത് കൊണ്ട് തന്നെ ഇന്നു വരെ കണ്ടെത്തിയിട്ടുളളതില്‍ വച്ചേറ്റവും പഴക്കമുള്ളതുമാണ് ഇത്.

നാസയുടെ ഹബിള്‍ സ്‌പേസ് ടെലിസ്‌കോപ്പ് ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ഈ ഗ്യാലക്‌സി കണ്ടെത്തിയത്. സ്‌പേസ് ടെലിസ്‌കോപ്പ് ഉപയോഗിച്ച് വിദൂരസ്ഥങ്ങളായ ഗ്യാലക്‌സികളെക്കുറിച്ച് ഇന്നുവരെ നടത്തിയിട്ടുള്ള പഠനങ്ങളില്‍ വച്ചേറ്റവും വലുതാണിത്.

ഇസ്രയേല്‍, ഇറ്റലി, അരിസോണ, മേരിലാന്‍ഡ്, കാലിഫോര്‍ണിയ, കെന്റക്കി എന്നിവിടങ്ങളിലെ ഗവേഷകരാണ് സംഘത്തിലുണ്ടായിരുന്നത്. ഹബിള്‍ ടെലിസ്‌കോപ്പിലെ രണ്ട് പ്രത്യേക ക്യാമറകള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്.

സമീപത്ത് ചിന്നിച്ചിതറിക്കിടക്കുന്ന ആയിരക്കണക്കിന് മറ്റ് ഗ്യാലക്‌സികളുടെ നിഴലില്‍ നിന്നും ഈ ഒരെണ്ണത്തിനെ തിരിച്ചറിയാന്‍ ലിമാന്‍ ബ്രേയ്ക്ക് സെലക്ഷന്‍ എന്ന വിദ്യയാണ് ശാസ്ത്രജ്ഞന്‍മാര്‍ ഉപയോഗിച്ചത്.

1990-കളില്‍ മസാച്ചുസെറ്റ്‌സ് സര്‍വകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞരായ മൗറോ ജിയാവാലിസ്‌കോയും സഹപ്രവര്‍ത്തകരുമാണ് ഈ വിദ്യ കണ്ടുപിടിച്ചത്. ഗ്യാലക്‌സികളുടെ ദൂരം നിര്‍ണയിക്കുന്നതില്‍ അവയുടെ നിറം നിര്‍ണായകമാണ് എന്നായിരുന്നു അവരുടെ കണ്ടുപിടുത്തം.

ഗ്യാലക്‌സികളില്‍ നടക്കുന്ന ഭൗതികപ്രവര്‍ത്തനങ്ങളെ അവയുടെ നിറം പ്രതിഫലിപ്പിക്കുന്നു എന്നാണ് ജിയാവാലിസ്‌കോ പറഞ്ഞത്. നക്ഷത്രങ്ങളില്‍ നിന്നാണോ അവ ജന്മമെടുത്തത്, അവ നിറയെ പോടിപടലങ്ങളാണോ എന്നൊക്കെ മനസിലാക്കാന്‍ നിറം സഹായകരമാണ്.

പൊടിപടലങ്ങള്‍ സ്റ്റെല്ലാര്‍ ലൈറ്റിന്റെ തീവ്രത കുറയ്ക്കുകയും അങ്ങനെ നിറം ചുവപ്പാകുകയും ചെയ്യും. ഈ റെക്കോര്‍ഡ് ദൂരം അളക്കാനായി ശാസ്ത്രജ്ഞര്‍ക്ക് വളരെ സൂക്ഷ്മമായ സ്‌പെക്ട്രോസ്്‌കോപ്പിക് ചെലിസ്‌കോപ്പുകള്‍ ആവശ്യമായിരുന്നു.

പുറന്തള്ളുന്ന ഹൈഡ്രജനിലെ പ്രത്യേകമായ സ്‌പെക്ട്രല്‍ ഫീച്ചര്‍ മനസിലാക്കാനാണിത്. ലിമാന്‍ ആല്‍ഫ എമിഷന്‍ ലൈന്‍ എന്നാണിത് അറിയപ്പെടുന്നത്.

മനുഷ്യന്റെ കണ്ണുകള്‍ക്ക് അദൃശ്യമായ അള്‍ട്രാവയലറ്റ് തരംഗദൈര്‍ഘ്യത്തില്‍ തന്നെ വളരെ കുറഞ്ഞൊരു റേഞ്ചില്‍ മാത്രമാണ് ഇത് പുറന്തള്ളപ്പെടുന്നത്.

ഇത്രയേറെ ദൂരത്തുള്ള ഒരു ഗ്യാലക്‌സിയില്‍ നിന്നുള്ള ലിമാന്‍ ആല്‍ഫ എമിഷന്‍ തിരിച്ചറിയുന്നതിനും അതിന്റെ സ്വഭാവം നിര്‍ണയിക്കുന്നതിനുമായി ഹവായിയിലെ കെക്ക് 10 മീറ്റര്‍ ടെലിസ്‌കോപ്പുകളാണ് ഉപയോഗിച്ചത്. വളരെ ശക്തമായ സ്‌പെക്ട്രോസ്‌കോപ്പിക് ഉപകരണങ്ങളാണിവ.

പഠനഫലങ്ങള്‍ തെളിയിക്കുന്നത് മനുഷ്യന്‍ ഇന്ന് വരെ കണ്ടുപിടിച്ചിട്ടുള്ളതില്‍ ഏറ്റവും വിദൂരസ്ഥാനത്തുള്ളതാണ് ഇതെന്നാണ്. അക്കാലത്ത് പ്രപഞ്ചത്തിന് 700 മില്യണ്‍ വര്‍ഷം മാത്രമായിരുന്നു പ്രായം. ഇന്ന്് അത് 13.8 ബില്യണ്‍ വര്‍ഷങ്ങളാണ്.

ഇന്നത്തെ അപേക്ഷിച്ച് എട്ടര മടങ്ങ് ചെറുതായിരുന്നു അന്നത്തെ പ്രപഞ്ചം. 600 മടങ്ങ് കൂടുതല്‍ സാന്ദ്രവും. ഇന്നത്തെ അപേക്ഷിച്ച് 8.5 മടങ്ങ് കൂടുതല്‍ വേഗത്തിലായിരുന്നു അന്ന് പ്രപഞ്ചം വികസിച്ച് കൊണ്ടിരുന്നത്. നേച്ചര്‍ മാഗസിനിലാണ് പഠനത്തിന്റെ വിശദവിവരങ്ങള്‍ നല്‍കിയിരിക്കുന്നത്.

Advertisement