ന്യൂദല്‍ഹി: രാജ്യത്തെ പണപ്പെരുപ്പം 15% വരെ ഉയരാമെന്ന് അസോസിയേറ്റഡ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (അസോചം) മുന്നറിയിപ്പു നല്‍കി. ഇന്ധനവില വര്‍ധനയുടെ പ്രഭാവം ഇനിയും മാര്‍ക്കറ്റില്‍ പ്രകടമാകാനുണ്ടെന്ന് അസോചം അഭിപ്രായപ്പെട്ടു.

രാജ്യത്ത് വരാനിരിക്കുന്ന ഉല്‍സവ സീസണ്‍ ജനങ്ങളുടെ ഉപഭോഗ നിരക്കില്‍ വന്‍ വര്‍ധന വരുത്തും. ഡീസലിനും പെട്രോളിനും പാചകവാതകത്തിനും ഏര്‍പ്പെടുത്തിയ വിലവര്‍ധന മാര്‍ക്കറ്റില്‍ പ്രതിഫലിച്ചു വരുന്നതേയുള്ളൂ. അടുത്ത രണ്ടുമാസത്തിനുള്ളില്‍ മാത്രമേ പണപ്പെരുപ്പത്തിന്റെ വ്യക്തമായ ചിത്രം ലഭിക്കൂ എന്നും അസോചം സെക്രട്ടറി ജനറല്‍ ഡി എസ് റാവത്ത് അഭിപ്രായപ്പെട്ടു. കഴിഞ്ഞമാസം 10.16 ആയിരുന്ന പണപ്പെരുപ്പം 10.55 ലേക്ക് ഉയര്‍ന്നിരുന്നു.