തിരുവനന്തപുരം: നുറുദിന പരിപാടിയില്‍ പ്രഖ്യാപിച്ചതുപ്രകാരം സംസ്ഥാനമന്ത്രിമാര്‍ സ്വത്തു വിവരം വെളിപ്പെടുത്തി. മന്ത്രിമാരില്‍ സമ്പന്നന്‍ വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയാണ്. കുഞ്ഞാലിക്കുട്ടിക്ക് 1,40,10,408
രൂപയുടെ ആസ്തിയാണുള്ളത്. രണ്ട് വീട്, 13.22 ഏക്കര്‍ ഭൂമി, മൂന്ന് കാര്‍, സ്വര്‍ണാഭരണം എന്നിങ്ങനെയാണ് ഈ സ്വത്തുവകകള്‍.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും കുടുംബത്തിന്റെയും പേരില്‍ 21,86,828 കോടി രൂപയുടെ സ്വത്താണുള്ളത്. ഇതില്‍ 25,403 രൂപയാണ് ഉമ്മന്‍ചാണ്ടിയുടെ സമ്പാദ്യം.

മന്ത്രി പി.കെ ജയലക്ഷ്മിയ്ക്കാണ് ഏറ്റവും കുറഞ്ഞ സമ്പാദ്യമുള്ളത്. 1.27 ഏക്കര്‍ ഭൂമിയം, രണ്ടു ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവുമാണ് ജയലക്ഷ്മിക്കുള്ളത്.

വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന് 68 ലക്ഷം രൂപയുടെ സമ്പാദ്യമുണ്ട്. സാമൂഹ്യക്ഷേമ മന്ത്രി എം.കെ.മുനീറിന് 28 ലക്ഷം രൂപയുടെ സമ്പാദ്യവും, ഭക്ഷ്യമന്ത്രി ടി.എം.ജേക്കബിന് 47 ലക്ഷം രൂപയുടെ സമ്പാദ്യവുമുണ്ട്. ധനമന്ത്രി കെ.എം.മാണിക്ക് 14 ലക്ഷം രൂപയുടെയും, വനം മന്ത്രി കെ.ബി.ഗണേശ് കുമാറിന് 11 ലക്ഷം രൂപയുടെയും സമ്പാദ്യമുണ്ട്. ആരോഗ്യമന്ത്രി അടൂര്‍ പ്രകാശിന് 20 ഏക്കര്‍ ഭൂമിയുണ്ടെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

പിഎ.കേരള.ജി.ഒ.വി.ഇന്‍ എന്ന വെബ്‌സൈറ്റിലൂടെയാണ് സ്വത്തുവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതേസമയം, ചില മന്ത്രിമാരുടെ ആസ്തി പൂര്‍ണമായും വെളിപ്പെടുത്തിയിട്ടില്ല. ഭാര്യയുടേയും കുട്ടികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്താതെയാണ് ചില മന്ത്രിമാര്‍ സ്വത്തുക്കളുടെ ലിസ്റ്റ് നല്‍കിയത്.