തിരുവനന്തപുരം: അനധികൃത സ്വത്ത് വിവാദത്തില്‍ താനല്ല പി.വി ശ്രീനിജനാണ് പ്രതികരിക്കേണ്ടതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍. മാധ്യമ പ്രവര്‍ത്തകരോട് നേരിട്ട് പ്രതികരിക്കാന്‍ തയ്യാറാവാതിരുന്ന കെ.ജി.ബാലകൃഷ്ണന്‍ പി.ആര്‍.ഒ മുഖേനയാണ് ഇക്കാര്യം അറിയിച്ചത്.

കെ.ജി.ബിയുടെ മരുമകന്‍ പി.വി ശ്രീനിജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തൃശൂരില്‍ പതിനാറ് ലക്ഷം രൂപയുടേതുള്‍പ്പെടെ 7 കോടിയുടെ സ്വത്ത് ശ്രീനിജന്‍ സമ്പാദിച്ചു എന്നായിരുന്നു വാര്‍ത്ത. ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു കെ.ജി.ബാലകൃഷ്ണന്‍.

അതേസമയം പി.വി ശ്രീനിജന്‍ പാര്‍ട്ടി ഭാരവാഹിയല്ലെന്ന് യൂത്ത കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് വിഷ്ണുനാഥ് പ്രഖ്യാപിച്ചു. ഇയാള്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയര്‍മാന്‍ സ്ഥാനത്തു നിന്നും കെ.ജി ബാലകൃഷ്ണനെയും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും അദ്ദേഹത്തിന്റെ മരുമകനെയും പുറത്താക്കണമെന്ന് എം.വി ജയരാജന്‍ ആവശ്യപ്പെട്ടു.