എഡിറ്റര്‍
എഡിറ്റര്‍
നിയമസഭാ സമ്മേളനത്തിന് തുടക്കമായി: പാവപ്പെട്ടവര്‍ക്ക് മൂന്ന് സെന്റ് വീതം ആഗസ്റ്റില്‍
എഡിറ്റര്‍
Friday 1st February 2013 9:44am

തിരുവനന്തപുരം: 13ാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് തുടക്കമായി. രാവിലെ 9 മണിക്ക് ഗവര്‍ണ്ണറുടെ നയപ്രഖ്യാപനപ്രസംഗത്തോടെയാണ് സഭാ സമ്മേളനം ആരംഭിച്ചത്.

Ads By Google

ഫെബ്രുവരി 21 വരെ നീളുന്ന സെഷനില്‍ 14 ദിവസം സഭ ചേരും. സംസ്ഥാനത്തെ പാവപ്പെട്ടവര്‍ക്ക് 3 സെന്റ് ഭൂമി ഓഗസ്റ്റില്‍ നല്‍കുമെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.

കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കും. കൊച്ചി മെട്രോയും സ്മാര്‍ട്ട് സിറ്റിയും കേരളത്തിന്റെ വികസനത്തിന്റെ വേഗത കൂട്ടുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

33 അംഗനവാടികളെ മാതൃകാ അംഗനവാടികളാക്കും. ഇ ഗവേണ്‍സ് വഴി ജനങ്ങള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കും. കൃഷിയെ പരിപോഷിപ്പിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കും.

കാര്‍ഷിക മേഖലയ്ക്ക് ശക്തിപകരാന്‍ ബയോപാര്‍ക്കും റൈസ് പാര്‍ക്കും കൊണ്ടുവരും. കയര്‍മേഖലയുടെ വികസനത്തിന് ഊന്നല്‍ കൊടുക്കും. ക്ഷീരമേഖലയില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു.

ക്ഷീരകര്‍ഷകര്‍ക്കായി നവീന പദ്ധതികള്‍ കൊണ്ടുവരും. തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം രാജ്യത്തിന് മാതൃകയായിട്ടുണ്ട്. ആദിവാസി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിന് ഊന്നല്‍ കൊടുക്കും. സ്‌കൂളിലെത്താന്‍ വാഹനസൗകര്യം ഏര്‍പ്പെടുത്തും.

പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രത്തിന്റെ പ്രത്യേക സഹായം ചെയ്യും. ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്ക് പ്രഖ്യാപിച്ച ആനുകൂല്യം മാര്‍ച്ച് മാസത്തിന് മുന്‍പ് നല്‍കും.

ടെക്‌നിക്കല്‍ യോഗ്യതയുള്ളവര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങല്‍ നല്‍കും. പാവപ്പെട്ടവരുടെ ആരോഗ്യസംരക്ഷണത്തിനായി ആരോഗ്യതീരം പദ്ധതി നടപ്പിലാക്കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ പറഞ്ഞു.

മാര്‍ച്ച് രണ്ടാംവാരം ആരംഭിക്കുന്ന രണ്ടാംഘട്ടത്തിലാണ് ബജറ്റ് അവതരണം. ഇതില്‍ എട്ട് ദിവസം നിയമനിര്‍മാണമായിരിക്കുമെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.

വനിതാസംരക്ഷണ നിയമം ഉള്‍പ്പെടെയുള്ള സുപ്രധാന നിയമ നിര്‍മാണങ്ങള്‍ ഈ സഭാസമ്മേളനത്തിലുണ്ടാവും. 18 ഓര്‍ഡിനന്‍സുകള്‍ക്ക് പകരുമുള്ള ബില്ലുകള്‍ നിയമമാക്കേണ്ടതുണ്ട്. ഏതൊക്കെ ബില്ലുകളാണ് പരിഗണിക്കുക എന്നത് ഫെബ്രുവരി 4 ന് ചേരുന്ന ബിസിനസ് അഡൈ്വസറി കമ്മിറ്റി യോഗത്തില്‍ തീരുമാനിക്കും.

ഫെബ്രുരി 4,6,7 തീയതികളില്‍ ഗവര്‍ണറുടെ പ്രസംഗത്തില്‍ നന്ദിരേഖപ്പെടുത്തുന്ന പ്രമേയത്തിലുള്ള ചര്‍ച്ചയാണ്. എട്ടിന് 2012 13 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റിലേക്കുള്ള ഉപധനാഭ്യര്‍ഥനകളുടെ സ്‌റ്റേറ്റ്‌മെന്റ് മേശപ്പുറത്ത് വെയ്ക്കും. 12 നാണ് ചര്‍ച്ചയും വോട്ടെടുപ്പും.

സി.പി.ഐ. എം ഭൂസമരം, ജീവനക്കാരുടെ സമരം എന്നിവക്ക് ശേഷം നടക്കുന്ന സമ്മേളനത്തില്‍ ഇവയുടെ ജയപരാജയങ്ങള്‍ ഇരുപക്ഷത്തിനും ആയുധമാകും.

കഴിഞ്ഞ സമ്മേളനത്തില്‍ പരിസ്ഥിതിയായിരുന്നു മുഖ്യ വിഷയം. ഇത്തവണയും ആറന്മുളയടക്കം വിവിധ പ്രശ്‌നങ്ങളുയരുമെന്നാണ് അറിയുന്നത്.

Advertisement