എഡിറ്റര്‍
എഡിറ്റര്‍
പ്രതിപക്ഷബഹളം: നാലാംദിവസവും സഭ തടസ്സപ്പെട്ടു
എഡിറ്റര്‍
Friday 15th June 2012 8:00am

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ തുടര്‍ച്ചയായ നാലാം ദിവസവും തടസപ്പെട്ടു. പ്രതിപക്ഷം ബഹളം തുടര്‍ന്നതിനാല്‍ സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

അരീക്കോട് ഇരട്ടക്കൊലക്കേസില്‍ ആറാം പ്രതിയായ ലീഗ് എം.എല്‍.എ പി.കെ. ബഷീറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷബഹളത്തില്‍ കഴിഞ്ഞ മൂന്നു ദിവസവും സഭ തടസപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നും സഭയില്‍ ബഹളമുണ്ടായത്.

ഇന്നലെ ചോദ്യോത്തരവേള തുടങ്ങിയ ഉടന്‍തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി  മുദ്രാവാക്യം വിളി തുടങ്ങിയിരുന്നു. തുടര്‍ന്ന് ഇത്തരത്തില്‍ സഭയെ മുന്നോട്ട്
കൊണ്ടുപോകാന്‍ കഴിയില്ലെന്ന് പറഞ്ഞ് സ്പീക്കര്‍ ചോദ്യോത്തരവേള സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

അതേസമയം കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ ആറാം പ്രതിയായ ലീഗ് എംഎല്‍എ പി.കെ. ബഷീറിനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. രാവിലെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ രാജ്ഭവനിലെത്തിയാണ് പ്രതിപക്ഷം നിവേദനം നല്‍കിയത്.

അരീക്കോട് നടന്ന ഇരട്ടക്കൊലപാതകത്തില്‍ പി.കെ. ബഷീര്‍ എം.എല്‍.എ യ്ക്ക് പങ്കുണ്ടെന്നും പോലീസിന്റെ എഫ്.ഐ.ആര്‍ പ്രകാരം ഇദ്ദേഹം ആറാം പ്രതിയാണെന്നും നിവേദനത്തില്‍ പറയുന്നു. ക്രമിനല്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ജനപ്രതിനിധി നിയമസഭയില്‍ ഇരിക്കുന്നത് നിയമവിരുദ്ധമാണെന്നും  നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പോലീസ് അറസ്‌ററ് ഭയന്നാണ് സര്‍ക്കാര്‍ ബഷീര്‍ എം.എല്‍.എയെ നിയമസഭയില്‍ ഒളിപ്പിച്ചിരിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാതെ സ്പീക്കര്‍ സഭാനടപടി നടത്തുകയാണെന്നും ചര്‍ച്ചകള്‍ നടത്താതെ ബില്ലുകള്‍ പാസ്സാക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.

147 അംഗങ്ങളുള്ള നിയമസഭയില്‍ 67 പേരും പ്രതിപക്ഷാംഗങ്ങളാണെന്നും തങ്ങളുടെ ആവശ്യം സ്പീക്കര്‍ അംഗീകരിക്കുന്നില്ലെന്നും വി.എസ്  നിവേദനത്തില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.

Advertisement