തിരുവനന്തപുരം: വനിതാ എം.എല്‍.എമാരെ കൈയ്യേറ്റം ചെയ്ത പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നാരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം.

Ads By Google

Subscribe Us:

ബഹളത്തെ തുടര്‍ന്ന്  നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ബഹളമുണ്ടായത്. പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി സമരം ചെയ്തു.

വനിതാ എം.എല്‍.എമാരായ ഇ.എസ്. ബിജിമോള്‍, ഗിതാ ഗോപി എന്നിവരെ പൊലീസ് കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനാണ് സഭയില്‍ ഉന്നയിച്ചത്.

സംഭവത്തില്‍ വാക്കാലുള്ള അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നായിരുന്നു ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മറുപടി. സര്‍ക്കാറിന് നിയമപരമായി മാത്രമേ നടപടിയെടുക്കാനാവൂ എന്നും ആഭ്യന്തരമന്ത്രി സഭയെ അറിയിച്ചു.

മന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളംവച്ചു. ഇതോടെ നടപടികള്‍ അവസാനിപ്പിച്ച് സഭ പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിച്ചു.

ബിജിമോള്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയ കേരള മഹിളാ സംഘം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതിന് ഇടയില്‍ വനിതാ എംഎല്‍എമാരായ ബിജിമോള്‍, ഗിതാ ഗോപി എന്നിവര്‍ക്കും മറ്റു പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.

ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് അറിയിച്ച സര്‍ക്കാര്‍ അന്വേഷണഫലം അറിഞ്ഞ ശേഷം മാത്രം പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനാകുവെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഇക്കാര്യം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കിയിിരുന്നു.