എഡിറ്റര്‍
എഡിറ്റര്‍
ഗോവയിലും പഞ്ചാബിലും മണിപ്പൂരിലും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി; രണ്ടിടങ്ങളില്‍ തൂക്ക് മന്ത്രി സഭയ്ക്ക് സാധ്യത
എഡിറ്റര്‍
Saturday 11th March 2017 9:04pm

ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ മൂന്നിടങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി. രണ്ടിടങ്ങളില്‍ ബി.ജെ.പിയ്ക്കാണ് മുന്‍തൂക്കം. മണിപ്പൂരിലും ഗോവയിലും തൂക്ക് മന്ത്രിസഭയ്ക്കുള്ള സാധ്യതയാണ് വന്നിരിക്കുന്നത്.


Also read അലയടിച്ചത് ഭരണ വിരുദ്ധ വികാരം തന്നെ; മുഖ്യമന്ത്രിമാരുള്‍പ്പെടെ തോറ്റ പ്രമുഖരെ അറിയാം


403 മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശില്‍ 324 സീറ്റുകളുമായ് ബി.ജെപി അധികാരമുറപ്പിച്ചപ്പോള്‍ സമാജ്‌വാദി- കോണ്‍ഗ്രസിന് 55 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. മായവതിയുടെ ബി.എസ്.പിക്കും സംസ്ഥാനത്ത് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല. 19 സീറ്റുകളായിരുന്നു ബി.എസ്.പിയ്ക്ക ലഭിച്ചത്.

ബി.ജെ.പി അധികാരത്തിലുണ്ടായിരുന്ന പഞ്ചാബില്‍ ഉജ്ജ്വല വിജയമാണ് കോണ്‍ഗ്രസ് കൈവരിച്ചത്. 117 സീറ്റില്‍ 77 സീറ്റുകളാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് നേടിയത് ഭരണത്തിലുണ്ടായിരുന്ന ബി.ജെ.പി- കാലിദള്‍ സഖ്യം ആം ആദ്മിയ്ക്കും പുറകില്‍ മൂന്നാം സ്ഥാനത്താണ് സംസ്ഥാനത്ത് എത്തിയത്. ആം ആദ്മി 20 സീറ്റുകള്‍ നേടിയപ്പോള്‍ 18 സീറ്റുകളാണ് ബി.ജെ.പി സഖ്യം സ്വന്തമാക്കിയത്.

തൂക്കു സഭയ്ക്ക് സാധ്യതയുള്ള മണിപ്പൂരിലും ഗോവയിലും ഏറ്റവും വലിയ ഒറ്റ കക്ഷിയായത് കോണ്‍ഗ്രസ് തന്നെയാണ്. ഗോവയില്‍ 17 സീറ്റുകളുമായി കോണ്‍ഗ്രസ് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ രണ്ടാമതെത്തിയ ബി.ജെ.പിയ്ക്ക് 13 സീറ്റുകളാണ് ലഭിച്ചത്. മണിപ്പൂരില്‍ കോണ്‍ഗ്രസ് 28 സീറ്റുകള്‍ നേടിയപ്പോള്‍ ബി.ജെ.പി 21 സീറ്റുകളുമായാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഇവിടെ നാല് സീറ്റുകള്‍ സ്വന്തമാക്കിയ എന്‍.പി.എഫിന്റെയും മറ്റു കക്ഷികളുടേയും പിന്തുണയോടെ മാത്രമേ അധികാരത്തില്‍ ആരെത്തുമെന്ന് വ്യക്തമാവുകയുള്ളു.

ഉത്തരാഖണ്ഡില്‍ അധികാരം ഉറപ്പിച്ച ബി.ജെ.പി 57 സീറ്റുകളാണ് സ്വന്തമാക്കായത്. ഇവിടെ കോണ്‍ഗ്രസിന് 11 സീറ്റുകള്‍ മാത്രമേ ലഭിച്ചുള്ളു. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും പഞ്ചാബിലും അധികാരത്തിലെത്തുന്നത് ആരാകുമെന്നതിന്റെ ചിത്രം വ്യക്തമായെങ്കിലും മണിപ്പൂരും ഗോവയിലെയും രാഷ്ട്രീയ ചരട് നീക്കങ്ങള്‍ എന്താകുമെന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. നാല് സംസ്ഥാനങ്ങളിലും തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയ സാഹചര്യത്തില്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ എങ്ങനെ മാറിമറയുമെന്നാണ് ഇനി അറിയേണ്ടത്.

Advertisement