എഡിറ്റര്‍
എഡിറ്റര്‍
കീഴടങ്ങണമെന്ന ആവശ്യം അസാന്‍ജെ നിരാകരിച്ചു
എഡിറ്റര്‍
Saturday 30th June 2012 8:00am

ക്വിറ്റോ: ഇക്വഡോറില്‍ രാഷ്ട്രീയ അഭയം തേടിയ വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ ബ്രിട്ടീഷ് കോടതിയില്‍ കീഴടങ്ങണമെന്നാവശ്യപ്പെട്ട് സ്‌കോര്‍ട്ട്‌ലാന്റ് യാര്‍ഡ് പോലീസ് നല്‍കിയ നിര്‍ദ്ദേശം അസാന്‍ജെ നിരാകരിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു ഇക്വഡോര്‍ എംബസിയില്‍ നിന്ന് പുറത്തിറങ്ങി കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട് പോലീസ് അസാന്‍ജെക്ക് നോട്ടീസ് നല്‍കിയത്.

ജാമ്യവ്യവസ്ഥ  ലംഘിച്ചതിന് അറസ്റ്റുചെയ്യുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും നയതന്ത്രമേഖലയായതിനാല്‍ എംബസിയില്‍ കയറാന്‍ പോലീസിനാകില്ല. അതുകൊണ്ട് എംബസിയില്‍ നിന്ന് പുറത്തിറങ്ങി കീഴടങ്ങാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ താന്‍ എംബസിയില്‍ നിന്ന് പുറത്തിറങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്ന്  ബി.ബി.സി ക്ക് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ അസാന്‍ജെ വ്യക്തമാക്കുകയായിരുന്നു.

നിര്‍ദ്ദേശിക്കുന്ന സമയത്തിനുളളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാകണമെന്നായിരുന്നു സ്‌കോട്ട്‌ലാന്റ് യാര്‍ഡ് പോലീസ് അറിയിച്ചിരുന്നത്. സ്വീഡനിലേക്ക് നാടുകടത്തുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പുര്‍ത്തിയാക്കാനാണ് ഈ നിര്‍ദ്ദേശമെന്നും സറണ്ടര്‍ നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു.

ലൈംഗികാപവാദക്കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി അസാന്‍ജെയെ സ്വീഡനിലേക്ക് നാടുകടത്താന്‍ ലണ്ടന്‍ സുപ്രീംകോടതി വിധിച്ചിരുന്നു. തുടര്‍ന്ന് ഇക്വഡോറില്‍ രാഷ്ട്രീയ അഭയം പ്രാപിച്ചിരിക്കുകയായിരുന്നു അസാന്‍ജെ.

അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നയതന്ത്ര രഹസ്യങ്ങള്‍ പുറത്തുവിട്ട് ലോകത്തെ ഞെട്ടിച്ച അസാന്‍ജെയ്‌ക്കെതിരെ നിയമക്കുരുക്കുകളുമായി അധികൃതര്‍ രംഗത്തുവരികയായിരുന്നു. കഴിഞ്ഞ വര്‍ഷം സ്വീഡന്‍ സന്ദര്‍ശന വേളയില്‍ സഹപ്രവര്‍ത്തകരായ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് അസാന്‍ജെയെ സ്വീഡനിലേക്ക് നാടുകടത്താന്‍ വിധിച്ചത്.

എന്നാല്‍ ഇവരുടെ സമ്മതത്തോടുകൂടിയാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നാണ് അസാന്‍ജെ ഇതിനോട് പ്രതികരിച്ചിരുന്നത്.

Advertisement