എഡിറ്റര്‍
എഡിറ്റര്‍
അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കാന്‍ ഒബാമയ്ക്ക് അധികാരമില്ല: അസാഞ്ചെ
എഡിറ്റര്‍
Thursday 27th September 2012 9:13am

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിക്കിലീക്‌സ് സ്ഥാപകന്‍ ജുലിയന്‍ അസാഞ്ചെ. അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഒബാമയ്ക്ക് അതിന് ഒരു അര്‍ഹതയുമില്ലെന്നാണ് അസാഞ്ചെ പറയുന്നത്.

ഒബാമ അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുവരുത്താന്‍ മറ്റ് രാജ്യങ്ങളെ ഉപദേശിക്കുന്നു. അങ്ങനെയുള്ള ഒബാമ ആദ്യം ചെയ്യേണ്ടത് വിക്കിലീക്‌സിനെതിരായ നിയമനടപടി അവസാനിപ്പിക്കുകയാണ്.

Ads By Google

അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് മറ്റ് രാജ്യങ്ങളെ ഉപദേശിക്കുന്ന അമേരിക്കന്‍ ഭരണകൂടം യഥാര്‍ത്ഥത്തില്‍ രഹസ്യങ്ങള്‍ സൂക്ഷിക്കുന്നവരാണ്. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പ് വരുത്താന്‍ വാക്കുകളിലൂടെ കഴിയില്ല. അതിന് പ്രവര്‍ത്തിയാണ് ആവശ്യം.

ആര്‍ക്കും അളക്കാന്‍ കഴിയാത്തത്ര രഹസ്യങ്ങളുടെ കലവറയാണ് അമേരിക്ക. അവിടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് ഒരു വിലയുമില്ല. അവിടുത്തെ ഭരണാധികാരികള്‍ സ്വേച്ഛാധിപത്യമായ രീതിയിലാണ് ഭരണം നടത്തുന്നത്. ഇത്തരത്തിലുള്ളവരാണ് മറ്റ് രാജ്യങ്ങളോട് അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പ് വരുത്താന്‍ ആഹ്വാനം ചെയ്യുന്നത്.

നിയമനടപടി ഭയന്ന് 659 ദിവസം തടവിന് സമാനമായ രീതിയിലാണ് കഴിഞ്ഞതെങ്കിലും ഞാന്‍ എല്ലാ രീതിയിലും സ്വതന്ത്രനാണ്. എനിയ്ക്ക് പിന്തുണ നല്‍കിയ ഇക്വഡോറും മറ്റ് രാജ്യങ്ങളുമാണ് എനിയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്ത് തന്നത്‌- അസാഞ്ചെ പറഞ്ഞു.

ബ്രിട്ടനിലെ ഇക്വഡോര്‍ നയതന്ത്ര കാര്യാലയത്തില്‍ നിന്ന് യു.എന്‍ പൊതുസഭ സമ്മേളനത്തോടനുബന്ധിച്ച്  നടന്ന പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അസാഞ്ചെ.

അമേരിക്കയ്ക്ക് കൈമാറില്ലെന്ന് ഉറപ്പ് നല്‍കിയാല്‍ സ്വീഡനില്‍ നിലനില്‍ക്കുന്ന കേസ് നേരിടാന്‍ അസാഞ്ചെയെ വിട്ടുനല്‍കാമെന്ന നിലപാടിലാണ് ഇക്വഡോര്‍. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ തീരുമാനങ്ങള്‍ വന്നിട്ടില്ല.

Advertisement