സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ജൂലിയന്‍ വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ വസ്തുക്കള്‍ വില്‍ക്കുന്നു. ലാപ്പ്‌ടോപ് അടക്കമുളള വസ്തുക്കളാണ് ഇന്റര്‍നെറ്റില്‍ ലേലത്തിന് വെച്ചിരിക്കുന്നത്. ലോകത്തെ ഞെട്ടിച്ച രഹസ്യ രേഖകള്‍ പുറത്തുവിട്ട വിക്കീലീക്ക്‌സിനുളള ഫണ്ടുകള്‍ പ്രമുഖ ബാങ്കുകള്‍ മരവിപ്പിച്ചതോടെയുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് അസാഞ്ചെ പുതിയ വഴിതേടുന്നത്. ഇ ബേയുടെ വെബ് സൈറ്റിലാണ് വിക്കീലിക്ക്‌സിന്റെ തല്‍സമയ ലേലം നടക്കുന്നത്.

രഹസ്യരേഖകള്‍ മാധ്യമപങ്കാളികള്‍ക്ക് തയ്യാറാക്കി നല്‍കിയ അസാഞ്ചെയുടെ കേബിള്‍ ഗേറ്റ് ലാപ്പ്‌ടോപ്പ്, ജയിലില്‍ ഉപയോഗിച്ച കോഫീ പാക്കറ്റ്, അസാഞ്ചെ തന്നെ കയ്യൊപ്പ് ചാര്‍ത്തിയ രേഖാചിത്രം, ഇവയെല്ലാം ഇനി ഈ ബേ വെബ്‌സൈറ്റില്‍ കയറുന്ന ആര്‍ക്കും മികച്ചവില നല്‍കി സ്വന്തമാക്കാം. 315 ഡോളറാണ് ഏറ്റവും ചെറിയ ലേലത്തുക, ജയില്‍ മോചിതനാകുമ്പോള്‍ അസാഞ്ചെ കൂടെ കരുതിയ കോഫീ പാക്കറ്റിന്റെ ലേലത്തുക തുടങ്ങുന്നത് 6000 ഡോളറില്‍. അസാഞ്ചെയുടെ ലാപ്പ്‌ടോപ്പിന്റെ വില തുടങ്ങുന്നത് 5 ലക്ഷത്തി അന്‍പത്തി അയ്യായിരം ഡോളറിലാണ്.

ലാപ്പ്‌ടോപ്പ് വാങ്ങുന്നവര്‍ക്ക് വിക്കീലിക്ക്‌സ് പുറത്തുവിട്ട മുഴുവന്‍ രേഖകളും ഒപ്പം ഇവ തിരയാനുളള പാസ്വേര്‍ഡും സൗജന്യമായിരിക്കുമെന്നും വിക്കിലീക്ക്‌സ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. അസാഞ്ചെയുടെ 40ാം പിറന്നാളിന് സി.ബി.എസ് ചാനല്‍ സമ്മാനിച്ച നാണയവും ലേലത്തിനുണ്ട. ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ടുളള കോളിളക്കം സൃഷ്ടിച്ച വിക്കീലീക്ക്‌സ് രേഖയും അസാഞ്ചെയുടെ കൈയ്യൊപ്പോടെ ലേലത്തിനു വെച്ച പത്ത് ലേലവസ്തുക്കളില്‍ ഉള്‍പ്പെടുന്നു. വിക്കി ചോര്‍ത്തിയ രേഖയുടെ കോപ്പിയുടെ ഓപ്പണിംഗ് ലേലത്തുക 33,000 ഡോളറാണ്.

അമരിക്കന്‍ സമ്മര്‍ദ്ദത്തെതുടര്‍ന്ന് പേപാല്‍ മാസ്റ്റര്‍ കാര്‍ഡ്, വിസ തുടങ്ങിയ ബാങ്കിംങ്ങ് സ്ഥാപനങ്ങള്‍ വിക്കീലീക്ക്‌സിന് ലോകമെമ്പാടുനിന്നും ലഭിക്കുന്ന ഫണ്ടുകള്‍ മരവിപ്പിച്ചിരുന്നു. വിക്കീലീക്ക്‌സിനെതിരെയുളള നിയമവിരുദ്ധമായ സാമ്പത്തിക ഉപരോധം ചെറുക്കുക എന്ന ആഹ്വാനത്തോടുകൂടിയാണ് വിക്കീലിക്‌സിന്റെ ഓണ്‍ലൈന്‍ ലേലനീക്കം. സമ്മര്‍ദ്ദങ്ങളില്‍ ഇടറാതെ ലോകത്തിന് ഞെട്ടിക്കുന്ന രഹസ്യങ്ങള്‍ പകരാന്‍ വിക്കീലീക്‌സും അസാഞ്ചെയും നടത്തുന്ന പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കി ലോകമെങ്ങുമുളള വിക്കി ആരാധകര്‍ ലേലത്തില്‍ സജീവമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍.