ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെ. വിശ്വാസവോട്ടെടുപ്പില്‍ കോഴ നല്‍കിയാണ് എം.പിമാരെ ചാക്കിലാക്കിയതെന്ന വിക്കിലീക്‌സ് രേഖകള്‍ വിശ്വാസ്യതയുള്ളതാണെന്നും സ്വകാര്യ ടെലിവിഷന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അസാന്‍ജെ പറഞ്ഞു.

ആണവ കരാറുമായി ബന്ധപ്പെട്ട് ന്യൂനപക്ഷമായ യു.പി.എ സര്‍ക്കാര്‍ വിശ്വാസവോട്ടില്‍ ജയിക്കാനായി എം.പിമാര്‍ക്ക് 50 മുതല്‍ 60 കോടിവരെ നല്‍കി എന്ന വിക്കിലീക്‌സ് രേഖകളായിരുന്നു ‘ ദ ഹിന്ദു’ പുറത്തുവിട്ടത്. എന്നാല്‍ രേഖകള്‍ വിശ്വാസ്യയോഗ്യമല്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി ആരോപണങ്ങള്‍ തള്ളുകയായിരുന്നു.

എന്നാല്‍ വിക്കിലീക്‌സ് രേഖകള്‍ വിശ്വാസ്യയോഗ്യമല്ലെന്ന പ്രധാനമന്ത്രിയുടെ അഭിപ്രായം അബദ്ധജടിലമാണെന്നും ജനങ്ങളെ മനപൂര്‍വ്വം കബളിപ്പിക്കാനാണ് മന്‍മോഹന്‍ സിംഗ് ശ്രമിക്കുന്നതെന്നും അസാന്‍ജെ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍ വാഷിംഗ്ടണ് അയച്ച രേഖകളാണ് തങ്ങള്‍ പുറത്തുവിട്ടതെന്നും ഈ രേഖകളുടെ വിശ്വാസ്യതയില്‍ അമേരിക്കയ്ക്ക് പോലും സംശയമില്ലെന്നും അസാന്‍ജെ പറഞ്ഞു.

മന്‍മോഹന്‍ സിംഗിന്റെ അഭിപ്രായപ്രകടനങ്ങള്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും വീഴ്ച്ചയുണ്ടായെന്നത് വ്യക്തമാക്കുന്നുണ്ടെന്ന് അസാന്‍ജ് അഭിപ്രായപ്പെട്ടു. പാക്കിസ്ഥാനുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളങ്ങുന്ന രേഖകള്‍ ഉടന്‍ പുറത്തുവിടുമെന്നും അസാന്‍ജ് അറിയിച്ചു.