ലണ്ടന്‍: അറസ്റ്റിലായ, വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയ്ക്ക് ബ്രിട്ടീഷ് കോടതി ജാമ്യം നിഷേധിച്ചു. ജേര്‍ണലിസ്റ്റ് ജോണ്‍ പ് ളിംഗര്‍ , സാമൂഹ്യപ്രവര്‍ത്തകയായ ജമീമാ ഖാന്‍ എന്നുവരുള്‍പ്പെടെ അഞ്ചുപേര്‍ ജാമ്യം നിന്നെങ്കിലും കോടതി പരിഗണിച്ചില്ല. ഈ മാസം 14വരെയാണ് അസാന്‍ജെയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. അടുത്തയാഴ്ച കേസില്‍ വീണ്ടും വാദം കേള്‍ക്കുന്നുണ്ട്.

സ്വീഡിഷ് വനിതകളെ മാനഭംഗപ്പെടുത്തി എന്ന കേസില്‍  അറസ്റ്റ് വാറണ്ടുണ്ടായിരുന്ന അസാന്‍ജെ ഇന്നലെ ബ്രിട്ടീഷ് പോലീസിനുമുന്നില്‍ കിഴടങ്ങുകയായിരുന്നു.

താന്‍ സ്വീഡിഷ് വനിതളെ മാനഭംഗപ്പെടുത്തിയിട്ടില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും അസാന്‍ജെ കോടതിയില്‍ പറഞ്ഞു. തന്നെ സ്വീഡനു കൈമാറാനുള്ള നീക്കത്തെ നിയപരമായി നേരിടുമെന്നും അദ്ദേഹം വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വ്യക്തമാക്കി.

അതേസമയം അസാന്‍ജെയുടെ അറസ്റ്റ് മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് വിക്കിലീക്ക്‌സ് വക്താവ് ക്രിസ്റ്റിന്‍ ഹഫന്‍സോണ്‍ ആരോപിച്ചു. അസാന്‍ജെ അറസ്റ്റിലായെങ്കിലും വിക്കിലീക്കസ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.