എഡിറ്റര്‍
എഡിറ്റര്‍
വിമര്‍ശകരെ വേട്ടയാടുന്നത് അമേരിക്ക അസാനിപ്പിക്കണം; അസാഞ്ചെ
എഡിറ്റര്‍
Sunday 19th August 2012 11:45pm


ലണ്ടന്‍: ‘അമേരിക്ക അഭിപ്രായ സ്വാതന്ത്ര്യത്തിന് ചങ്ങലയിടുന്നത് അവസാനിപ്പിക്കണം. എതിരഭിപ്രായങ്ങളെ വേട്ടയാടുന്നത് അവസാനിപ്പിക്കണം.’ അമേരിക്കയെ അതിനിശിതമായി വിമര്‍ശിച്ചുകൊണ്ട് ലണ്ടനിലെ ഇക്വഡോര്‍ എംബസിയുടെ ബാല്‍ക്കണിയില്‍ നിന്ന് വിക്കീലീക്‌സ് സ്ഥാപകന്‍ ജൂലിയന് അസാഞ്ചെ.

Ads By Google

ഇക്വഡോര്‍ എംബസിയിലെ രാഷ്ട്രീയ അഭയാര്‍ത്ഥിത്വം ആരംഭിച്ചിട്ട് രണ്ട് മാസത്തിനുശേഷം നടത്തിയ ആദ്യ പരസ്യപ്രസ്താവനയിലാണ് അദ്ദേഹം ഇങ്ങനെ പ്രഖ്യാപിച്ചത്.

നീതിക്കുവേണ്ടി നിലകൊണ്ട ഇക്വഡോറിന് നന്ദിയറിയിക്കാനും അസാഞ്ചെ മറന്നില്ല.  അവകാശ സംരക്ഷണത്തിനായി നിലകൊള്ളുന്ന ലാറ്റിനമേരിക്കന്‍ പൗരന്‍മാരോടും നേതാക്കളോടും തനിക്ക് എന്നും കടപ്പാടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

‘വിക്കീലീക്‌സ് ഇന്ന് അപകടാവസ്ഥയിലാണ്. ഇത് ആശയപ്രകാശനത്തിനുള്ള സ്വാതന്ത്ര്യത്തെയാണ് അപകടത്തിലാക്കുന്നത്. കൂടാതെ നമ്മുടെ സമൂഹത്തിന്റെ ആരോഗ്യത്തെയും ഇത് ബാധിക്കും.

‘ നമ്മുടെ സമൂഹം അടിസ്ഥാനമാക്കിയിട്ടുള്ള വിപ്ലവമൂല്യങ്ങളെ തിരിച്ചുപിടിക്കേണ്ടതല്ലേ? അതിനെ ഊട്ടിയുറപ്പിക്കേണ്ടതല്ലേ? ഇതുപേക്ഷിക്കുന്നത് നമ്മുടെ സമൂഹത്തെ അപകടാവസ്ഥയിലേയ്ക്കും അടിച്ചമര്‍ത്തുന്ന ഒരു ലോകത്തേയ്ക്കും വലിച്ചിഴയ്ക്കുകയല്ലെ ചെയ്യുന്നത്? അവിടെ മാധ്യമപ്രവര്‍ത്തകരടക്കം പൗരന്‍മാര്‍ നിശബ്ദരാക്കപ്പെടുകയും വിചാരണകള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും വിധേയമാവുകയും ചെയ്യും. ഇത് നമ്മളെ അന്ധകാരത്തിലേയ്ക്കല്ലെ നയിക്കുക?’ അസാഞ്ചെ ചോദിച്ചു.

അമേരിക്ക ഇതില്‍ നിന്നും പന്തിരിയണം. പ്രസിഡന്റ് (ബറാക്‌) ഒബാമ ശരിയായ കാര്യങ്ങളാകണം ചെയ്യേണ്ടത്. വിക്കീലീക്‌സിനെ വേട്ടയാടുന്നത് അമേരിക്ക അവസാനിപ്പിക്കണമെന്നും അസാഞ്ചെ കൂട്ടിച്ചേര്‍ത്തു.

2006ലാണ് അസാഞ്ചെ വിക്കീലീക്‌സ് ആരംഭിക്കുന്നത്. 2010ല്‍ വിക്കീലീക്‌സ് അമേരിക്കയുടെ നയതന്ത്രവുമായി ബന്ധപ്പെട്ട 2,51000 വിവരങ്ങള്‍ പുറത്തുവിടാന്‍ തുടങ്ങിയതോടെ അസാഞ്ചെയും കൂട്ടരും അമേരിക്കയുടെ തലവേദനയാവുകയായിരുന്നു. ഇതില്‍ 6%ത്തോളം രഹസ്യ വിവരങ്ങള്‍ ആയിരുന്നു.

2010ല്‍ അസാഞ്ചെയ്‌ക്കെതിരെ സ്വീഡിഷ് പോലീസ് ലൈംഗികാപവാദം ആരോപിച്ച് അറസ്റ്റ് വാറന്റ് പ്രഖ്യാപിക്കുകയായിരുന്നു. 2010 ഡിസംബര്‍ 7ന് അദ്ദേഹം ഇംഗ്ലണ്ടില്‍ പോലീസിന് കീഴടങ്ങി. പത്ത് ദിവസത്തിനു ശേഷം ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹം പുറത്തുവന്നു.

എന്നാല്‍ തനിക്കെതിരെ ഉന്നയിച്ചിട്ടുള്ള കുറ്റം കെട്ടിച്ചമച്ചതാണെന്ന് അസാഞ്ചെ വ്യക്തമാക്കിയിരുന്നു. തന്നെ അമേരിക്കയ്ക്ക് കൈമാറാനുള്ള നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു. 2011ല്‍ തന്നെ അസാഞ്ചെയെ സ്വീഡനിലേയ്ക്ക്‌നാടുകടത്താന്‍ ബ്രിട്ടീഷ് കോടതി ഉത്തരവിറക്കി. എന്നാല്‍ ഇതിനെ വെല്ലുവിളിച്ചുകൊണ്ട് ഇക്വഡോര്‍ അദ്ദേഹത്തിന് രാഷ്ട്രീയ അഭയം നല്‍കുകയായിരുന്നു. ഇതേതുടര്‍ന്ന് ഇക്വഡോറും യൂറോപ്യന്‍ രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും ചെയ്തിരുന്നു.

അസാഞ്ചെയോടുള്ള അമരിക്കയടക്കമുള്ള രാജ്യങ്ങളുടെ സമീപനത്തെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ശക്തമായി അപലപിച്ചിട്ടുണ്ട്. അസാഞ്ചെയ്ക്ക് അവര്‍ പിന്തുണ പ്രഖ്യാപിക്കുകയും രാഷ്ട്രീയ അഭയാര്‍ത്ഥിത്വം വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു.

Advertisement