ലക്‌നോ: വിക്കിലീക്‌സ് പുറത്തുവിട്ട യു.എസ് കേബിളുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയ മായാവതിക്ക് വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന്റെ മറുപടി. അസാന്‍ജിനെ ഭ്രാന്തിന് ചികിത്സിക്കാന്‍ അദ്ദേഹത്തിന്റെ രാജ്യത്തോട് അപേക്ഷിക്കുകയാണ്. അതിനവിടെ സൗകര്യമില്ലെങ്കില്‍ ഇവിടെ ആഗ്ര മാനസികാരോഗ്യകേന്ദ്രത്തില്‍ സംവിധാനമേര്‍പ്പെടുത്താമെന്നുള്ള മായാവതിയുടെ പരിഹാസത്തോട് ‘തന്നെ കൊണ്ടുപോകാന്‍ മായാവതിയുടെ സ്വകാര്യ വിമാനം ബ്രിട്ടനിലേക്കയക്കണമെന്നാ’ണ് അസാന്‍ജെ പറഞ്ഞത്.
ഇത്തരം പ്രതികരണം തെറ്റാണെന്ന് മനസിലാക്കി മായാവതി മാപ്പു പറയണമെന്ന് അസാന്‍ജെ പറഞ്ഞു. ഇന്ത്യക്കാരുടെ ചിന്തയെ വഞ്ചിക്കുകയാണ് മായാവതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മായാവതിയുടെ വിചിത്രസ്വഭാവങ്ങള്‍ വിവരിക്കുന്ന യു.എസ് കേബിളുകള്‍ വിക്കിലീക്‌സ് പുറത്തുവിട്ടിരുന്നു. ഇഷ്ടബ്രാന്‍ഡിലുള്ള ചെരുപ്പിനായി ഒഴിഞ്ഞ വിമാനം മുംബൈക്കയച്ചുവെന്നും വസതിയില്‍ നിന്ന് ഓഫീസിലേക്ക് റോഡ് നിര്‍മിച്ചെന്നും സുരക്ഷയിലുള്ള സംശയം മൂലം ഭക്ഷണം രുചിച്ചു നോക്കാന്‍ വരെ ആളെവെച്ചുവെന്നും വിക്കിലീക്‌സ് പുറത്തുവിട്ട രേഖകളില്‍ പറഞ്ഞിരുന്നു.
തന്റെ രാഷ്ട്രീയ എതിരാളികളുടെ കൈകളിലാണ് അസാന്‍ജെയെന്നും വിക്കിലീക്‌സ് പുറത്തുവിട്ട വിവരങ്ങള്‍ വ്യാജവും അവമതിക്കുന്നതും സര്‍ക്കാറിന്റെ പ്രതിച്ഛായയെ താറടിച്ച് കാണിക്കാനുള്ളതാണെന്നും മായാവതി പറഞ്ഞിരുന്നു.