എഡിറ്റര്‍
എഡിറ്റര്‍
ബംഗാളി മുസ്‌ലീംകളുടെ എണ്ണമെടുത്തശേഷമേ പുനരധിവാസം അനുവദിക്കൂ: ബോഡോ മുന്നറിയിപ്പ്
എഡിറ്റര്‍
Sunday 19th August 2012 12:57pm

ഗുവാഹത്തി: സംഘര്‍ഷങ്ങളെ തുടര്‍ന്ന് കുടിയൊഴിപ്പിക്കപ്പെട്ട മുസ്‌ലീംകളില്‍ എത്രപേര്‍ ബംഗാളി ഭാഷ സംസാരിക്കുന്നവരുണ്ടെന്ന കണക്കെടുത്തശേഷമേ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാവൂവെന്ന് ബോഡോ വിഭാഗക്കാര്‍. ഈ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ പ്രദേശത്ത് പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.

Ads By Google

നാഷണല്‍ ഡെമോക്രാറ്റിക് ബോഡോലാന്റിലെ വിമതവിഭാഗം ഉള്‍പ്പെടെയുള്ള ഗ്രൂപ്പുകളാണ് ഈ ആവശ്യം സര്‍ക്കാരിന് മുന്നില്‍വെച്ചിരിക്കുന്നത്. എന്‍.ഡി.എഫ്.ബി പ്രോഗ്രസീവ് എന്നാണ് ഈ വിമതസംഘം അറിയപ്പെടുന്നത്. ഇവര്‍ക്ക് പുറമേ പീപ്പിള്‍സ് ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ഫോര്‍ ബോഡോ മൂവ്‌മെന്റും ഈ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

പൗരത്വം പരിശോധിച്ച് ഉറപ്പുവരുത്തുന്നത് വരെ കുടിയൊഴിപ്പിക്കപ്പെട്ട ഒരാളെപ്പോലും പ്രദേശത്തേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന് വിമതവിഭാഗം സെക്രട്ടറി ജനറല്‍ ഗോവിന്ദ ബസുമാടറി പറഞ്ഞു.

ഓള്‍ ഇന്ത്യ യുണൈറ്റഡ് ഫ്രണ്ട് നേതാവ് ബദറുദ്ദീന്‍ അജ്മല്‍ വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണെന്നും ബസുമാടറി കുറ്റപ്പെടുത്തി. വടക്കു കിഴക്കന്‍ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഉയര്‍ന്നിരിക്കുന്ന അക്രമഭീഷണിയ്ക്ക് കാരണക്കാരന്‍ ബദറുദ്ദീനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബംഗ്ലാദേശികളോട് കേന്ദ്രസര്‍ക്കാര്‍ അനുഭാവപൂര്‍വ്വമായ സമീപനമാണ് സ്വീകരിക്കുന്നത്. ഇതിന്റെ ഫലമായി സ്വന്തം പ്രദേശത്ത് ബോഡോകള്‍ ന്യൂനപക്ഷമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതേ തുടര്‍ന്ന് നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ് പുതുക്കുന്നതുവരെ സര്‍ക്കാരിന് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ മാറ്റിവയ്‌ക്കേണ്ട അവസ്ഥയാണുണ്ടായിരിക്കുന്നത്.

കൊക്രജാര്‍, ചിരാഗ്, ധുബ്രി തുടങ്ങിയ ജില്ലകളില്‍ ജൂലൈ 19ന് ആരംഭിച്ച സംഘര്‍ഷത്തെ തുടര്‍ന്ന് 77 പേര്‍ മരിക്കുകയും ലക്ഷക്കണക്കിനാളുകള്‍ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. 2.5 ലക്ഷത്തോളം കുടിയൊഴിപ്പിക്കപ്പെട്ട മുസ്‌ലീംകള്‍ വിവിധ അഭയാര്‍ത്ഥി ക്യാമ്പുകളിലായി കഴിയുന്നുണ്ട്.

Advertisement