എഡിറ്റര്‍
എഡിറ്റര്‍
ആസാമില്‍ വീണ്ടും അക്രമം: കലാപത്തിന് പിന്നില്‍ കുടിയേറ്റക്കാരെന്ന പ്രചാരണം തെറ്റെന്ന് ഗൊഗോയ്
എഡിറ്റര്‍
Monday 6th August 2012 12:18pm

ഗുവാഹത്തി: കലാപം സംബന്ധിച്ച് സി.ബി.ഐ അന്വേഷണത്തിന് കേന്ദ്രം നിര്‍ദേശിക്കുകയാണെങ്കില്‍ എതിര്‍ക്കില്ലെന്ന് ആസാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് പറഞ്ഞു.  കലാപത്തിന് പിന്നില്‍ കുടിയേറ്റക്കാരാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഗൊഗോയ് പറഞ്ഞു.

Ads By Google

ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയും മറ്റും പ്രചരിപ്പിക്കുന്നത് തെറ്റായ കാര്യങ്ങളാണ്. കലാപം തുടങ്ങിയ സമയത്ത് അത് നിയന്ത്രണവിധേയമാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് ചില വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചു. അഭയാര്‍ഥികളുടെ പുനരധിവാസം ഊര്‍ജിതമാക്കാന്‍ പ്രത്യേക സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഈ മാസം 15 ഓടെ മുഴുവന്‍ അഭയാര്‍ഥികളെയും അവരവരുടെ വീടുകളില്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും തരുണ്‍ ഗൊഗോയ് പറഞ്ഞു.

അഭയാര്‍ഥികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട മന്ത്രിതല സമിതിക്ക് മുതിര്‍ന്ന അംഗം പൃഥ്വി മാജി നേതൃത്വം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.ആസൂത്രണ മന്ത്രി താങ്ക ബാധുര്‍ റായ്, പൊതുജനാരോഗ്യ വകുപ്പ് മന്ത്രി ഗൗതം റോയ്, ഭക്ഷ്യമന്ത്രി നസ്‌റുല്‍ ഇസ്‌ലാം, ആരോഗ്യമന്ത്രി ഹിമാന്ത ബിസ്വ, പരിസ്ഥിതിമന്ത്രി റോക്കിബുള്‍ ഹുസൈന്‍, ഗതാഗതമന്ത്രി ചന്ദ്രന്‍ ബ്രഹ്മ എന്നിവരാണ് സംഘത്തിലുള്ളത്.

അഭയാര്‍ഥി ക്യാമ്പുകളുള്ള പ്രദേശങ്ങളിലെത്തി ആവശ്യമായ സഹായങ്ങള്‍ ചെയ്തുനല്‍കാന്‍ ഹിമാന്ത ബിസ്വയ്ക്കും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

അതിനിടെ പത്ത് ദിവസത്തെ ശാന്തതയ്ക്ക് ശേഷം ആസാമില്‍ വീണ്ടും അക്രമസംഭവങ്ങള്‍ അരങ്ങേറി. ഇന്നലെയുണ്ടായ അക്രമങ്ങളില്‍ അഞ്ച് പേര്‍ മരിച്ചു. ഇതോടെ ആസാമിലെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 61ആയി.

അഞ്ചുപേരും വെടിയേറ്റാണ് മരിച്ചത്. മൂന്ന് മൃതദേഹങ്ങള്‍ ചിരാഗ് ജില്ലയില്‍ നിന്നും രണ്ടെണ്ണം കൊക്രജാറില്‍ നിന്നുമാണ് കണ്ടെടുത്തത്. കൊക്രജാറില്‍ നിന്നും ഒരാളെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്.

ചിരാഗ് ജില്ലയിലെ അഭയാര്‍ഥി ക്യാമ്പില്‍ നിന്നും മടങ്ങിയ പിതാവിന്റെയും രണ്ട് ആണ്‍കുട്ടികളുടെയും മൃതദേഹങ്ങളാണ് ഇവിടെ നിന്നും കണ്ടെടുത്തതെന്ന് ചിരാഗ് പോലീസ് സൂപ്രണ്ട് കുമാര്‍ സഞ്ജീവ് കൃഷ്ണ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കാതെയാണ് ഇവര്‍ ക്യാമ്പില്‍ നിന്നും പോയത്. ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഒടുക്കം ഇന്നലെ ഇവരുടെ മൃതദേഹങ്ങളാണ് കണ്ടുകിട്ടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബോര്‍ലാങ്ഷുവിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. മൃതദേഹങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചിരാഗ് ജില്ലയില്‍ സംഘര്‍ഷം ഉടലെടുത്തിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗക്കാര്‍ തെരുവുകളില്‍ പ്രകടനം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്.

കൊക്രാജറില്‍ വെടിയേറ്റ നിലയില്‍ രണ്ട് മൃതശരീരങ്ങള്‍ കണ്ടെത്തിയെന്ന് പോലീസ് ഐ.ജി എസ്.എന്‍ സിങ് അറിയിച്ചു. സംഘര്‍ഷ ബാധ്യത പ്രദേശങ്ങളില്‍ കൂടുതല്‍ പോലീസിനേയും അര്‍ധസൈനിക സേനയേയും നിയോഗിച്ചിട്ടുണ്ട്. അതേസമയം, കൊക്രജാറിലും ചിരാഗിലും രാത്രികാല കര്‍ഫ്യൂ തുടരുകയാണ്.

Advertisement