എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഗ്രസ് എം.എല്‍.എ മതം മാറി ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം ചെയ്തു: കേന്ദ്രം സേനയെ വിന്യസിച്ചു
എഡിറ്റര്‍
Wednesday 30th May 2012 9:24am

ന്യൂദല്‍ഹി: കോണ്‍ഗ്രസ് വനിതാ എം.എല്‍.എ മതംമാറി ഫേസ്ബുക്കിലൂടെ സൗഹൃദത്തിലായ യുവാവിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് അസമിലെ സില്‍ച്ചാറില്‍ കേന്ദ്രസേനയെ വിന്യസിച്ചു.

ബോര്‍ഖോളയില്‍ നിന്നുള്ള എം.എല്‍.എ റൂമിനാഥ് മതംമാറി മുസ്ലിമായ ഭര്‍ത്താവിനെ വരിച്ചതിനെ തുടര്‍ന്ന് ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന് ഭയന്നാണ് കേന്ദ്ര അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

വൈദ്യപരിശോധനയ്ക്ക് സില്‍ച്ചാര്‍ മെഡിക്കല്‍ കോളേജില്‍ പോയ റൂമിയെ ആരോ തട്ടിക്കൊണ്ടുപോയെന്ന് ആദ്യ ഭര്‍ത്താവ് രാകേഷ് കുമാര്‍ ഈ മാസം 13 ന് പരാതി നല്‍കിയിരുന്നു.

ഇവര്‍ക്ക് രണ്ടുവയസ്സുള്ള മകളുമുണ്ട്. എന്നാല്‍ തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും ഇസ്ലാമിലേക്ക് മതം മാറിയാതാണെന്നും വ്യക്തമാക്കി എം.എല്‍.എ പ്രത്യക്ഷപ്പെട്ടു. സാമൂഹിക ക്ഷേമവകുപ്പിലെ സാദാ ജീവനക്കാരനായ സാകിറിനെ വിവാഹം കഴിക്കാനാണ് താന്‍ മതം മാറിയതെന്നും റാബിയ സുല്‍ത്താന എന്ന പേര്‍ സ്വീകരിച്ചതായും അവര്‍ അറിയിച്ചു.

എന്നാല്‍ മതം മാറ്റത്തില്‍ പ്രതിഷേധിച്ച് ഹിന്ദുത്വ സംഘടനകള്‍ തെരുവിലിറങ്ങിയതോടെ വിഷയം ക്രമസമാധാനപ്രശ്‌നമായി മാറി. ഗൈരിക് ഭാരത് എന്ന ഹിന്ദുത്വ സംഘടന റൂമിയുടെ കോലം കത്തിച്ചു. റൂമിയുടെ മതം മാറ്റത്തിന് സൗകര്യമൊരുക്കിയത് അസം മന്ത്രിയായ സിദ്ദിക്ക് അഹമ്മദാണെന്ന് പറഞ്ഞ് സംഘടനകള്‍ അദ്ദേഹത്തിനെതിരെയും തിരിഞ്ഞു.

ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടി സ്വീകരിച്ചത്. എന്നാല്‍ മതം മാറിയതും സാകിറിനെ വിവാഹം കഴിച്ചതും ഒരുമിച്ച് ജീവിക്കുന്നതും തന്നിഷ്ടപ്രകാരമാണെന്നും ആരുടേയും സമ്മര്‍ദ്ദത്തിലല്ലെന്നും വിശദീകരിച്ച് റാബിയ പ്രസ്താവനയുമായി രംഗത്തെത്തിയിട്ടുണ്ട്. നിക്കാഹിന് രണ്ട് ഖാദിമാരെ ഒരുക്കുക മാത്രമാണ് മന്ത്രി സിദ്ദിഖ് ചെയ്തതെന്നും റാബിയ വ്യക്തമാക്കി.

അതേസമയം റൂമിയെ താന്‍ തന്റെ മരുമകളായി സ്വീകരിക്കുന്ന പ്രശ്‌നമില്ലെന്ന് മുന്‍ പോലീസ് ഓഫീസറായ സാകിറിന്റെ പിതാവ് ഫൈസുര്‍ റഹ്മാന്‍ വ്യക്തമാക്കി. സാകിറിനെ കാണാനില്ലെന്ന് ഇദ്ദേഹം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Advertisement