ഗുവാഗത്തി:  ആസാം കലാപം അന്വേഷിക്കാന്‍ സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തതായി മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് വ്യക്തമാക്കി. ഗുവാഹത്തിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഘര്‍ഷത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെങ്കിലും അവര്‍ നിയമത്തിന്റെ മുന്നില്‍ വരുമെന്നും അന്വേഷണം ശരിയായ രീതിയില്‍ നടന്നാല്‍ മാത്രമേ കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ബാഹ്യശക്തികളെ പുറത്തുകൊണ്ടുവരാന്‍ കഴിയുകയുള്ളുവെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Ads By Google

സംഘര്‍ഷമുണ്ടായ അന്നുമുതല്‍ ഇന്നുവരെ 173 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആവശ്യം വരികയാണെങ്കില്‍ കരുതല്‍ തടങ്കല്‍ ഉള്‍പ്പെടെയുള്ള നടപടിയ്ക്കും സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ആസാമില്‍ സ്ഥിതി ശാന്തമായെന്ന് വാര്‍ത്ത വന്നതിന് പിന്നാലെയാണ് വീണ്ടും ആക്രമണം നടന്നത്. ഇന്നലെ നടന്ന ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി.

പുതിയ അക്രമസംഭവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. സൈന്യം ഇവിടെ ഫ്‌ളാഗ്‌ മാര്‍ച്ച് നടത്തിയിട്ടുണ്ട്. കലാപമുണ്ടായ പ്രദേശത്ത് അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ റവന്യൂമന്ത്രി പ്രിതിബി മഹ്ജിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സംഘത്തെ മുഖ്യമന്ത്രി നിയോഗിച്ചിട്ടുണ്ട്.