ഗുവാഹത്തി: പീഡനശ്രമത്തെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട പെണ്‍കുട്ടിയെ പരിഹസിച്ച ബി.ജെ.പി മന്ത്രി ചന്ദ്രമോഹന്‍ പട്ടോവാരിയുടെ നടപടി വിവാദമാകുന്നു.

ജോര്‍ഹാത് ടൗണില്‍വെച്ച് മോട്ടോര്‍ബൈക്കിലെത്തിയ സംഘം തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തെ കുറിച്ച് കഴിഞ്ഞ ദിവസമാണ് പെണ്‍കുട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.

ആസ്സാമിലെ ജോര്‍ഹാത്തില്‍ ഹെല്‍മെറ്റ് ധരിച്ചെത്തുന്ന സംഘം സ്ത്രീകളെ ഉപദ്രവിക്കുകയും അവരെ അസഭ്യം പറയുകയും ചെയ്യുന്നത് തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലായിരുന്നു തനിക്ക് നേരെയുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് പെണ്‍കുട്ടി പോസ്റ്റിട്ടത്.

പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയും ചെയ്തു. ഫെബ്രുവരി 13 ന് ഈ വിഷയം എം.എല്‍.എ മാര്‍ അസംബ്ലിയില്‍ ഉന്നയിച്ചപ്പോഴായിരുന്നു പെണ്‍കുട്ടിക്കെതിരെ പരിഹാസവുമായി പാര്‍ലമെന്ററികാര്യമന്ത്രി ചന്ദ്രമോഹന്‍ പട്ടോവാരി രംഗത്തെത്തിയത്.

ഈ സംഭവം വളരെ രസകരമാണെന്നും എസ്.എഫ്.ഐക്കാരിയായ ഈ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുന്നതിന് പകരം ഫേസ്ബുക്ക് പോസ്റ്റ് ഇടുകയാണോ വേണ്ടത് എന്നുമായിരുന്നു മന്ത്രിയുടെ പരിഹാസം.


Dont Miss യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊല: അറസ്റ്റിലായവരില്‍ ബി.ജെ.പി പ്രവര്‍ത്തകനും; വെട്ടിലായത് ഹര്‍ത്താല്‍ നടത്തിയ ബി.ജെ.പി 


എന്നാല്‍ മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദിത്തപരമാണെന്നും ഇത്രയും അധിക്ഷേപകരമായി പ്രസ്താവന നടത്തിയ മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിനെ പിന്തുണച്ച് ഐ.പി.എസ് ഓഫീസറും ജോര്‍ഹട്ടിലെ മുന്‍ പൊലീസ് സൂപ്രണ്ടുമായ സന്‍ജുക്ത പരശ്വര്‍ രംഗത്തെത്തി.

തനിക്ക് നേരെയുണ്ടായ അനുഭവം വെളിപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിടാന്‍ ആ പെണ്‍കുട്ടി കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നെന്നും കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ എത്തിക്കുമെന്നും ഇവര്‍ പറയുന്നു. സ്ത്രീകളുടെ വസ്ത്രധാരണമോ പുറത്തിറങ്ങുന്ന സമയമോ അല്ല പ്രശ്‌നമെന്നും മാറേണ്ടത് സമൂഹത്തിന്റെ മനോഭാവമാണെന്നും ഇവര്‍ പറയുന്നു.

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ മൗനംപാലിക്കുകയാണെന്നും ഇതിനെതിരെ ഒരു നടപടിയും കൈക്കൊള്ളാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും പ്രതിപക്ഷവും കുറ്റപ്പെടുത്തി.