എഡിറ്റര്‍
എഡിറ്റര്‍
അസ്ലന്‍ഷാ ഹോക്കി: ന്യൂസിലന്റിന് കിരീടം ഇന്ത്യയ്ക്ക് വെങ്കലം
എഡിറ്റര്‍
Monday 4th June 2012 9:11am

ഇപോ(മലേഷ്യ): സുല്‍ത്താന്‍ അസ്ലന്‍ ഷാ കപ്പ് ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ഗ്രേറ്റ് ബ്രിട്ടനെ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് തോല്പിച്ചാണ് ഇന്ത്യ വെങ്കലമെഡല്‍ സ്വന്തമാക്കിയത്.

കളിയിലുടനീളം മേധാവിത്വം പുലര്‍ത്തിയെങ്കിലും ഒട്ടേറെ ഗോളവസരങ്ങള്‍ നഷ്ടപ്പെടുത്തിയ ഇന്ത്യ ഗോള്‍ വഴങ്ങിയ ശേഷമാണ് തിരിച്ചെത്തിയത്. 35ാം മിനിറ്റില്‍ ആഷ്‌ലി ജാക്‌സന്റെ ഗോളിലൂടെ ബ്രിട്ടനായിരുന്നു മുന്‍ തൂക്കം നേടിയതെങ്കിലും പിന്നീട് രണ്ടാം പകുതിയില്‍ തിരിച്ചടിക്കുകയായിരുന്നു.

ഒരുഗോളിന് പിന്നിട്ടുനിന്ന ശേഷം മൂന്നുഗോള്‍ തിരിച്ചടിച്ചാണ് ഇന്ത്യ വിജയം നേടിയത്. ശിവേന്ദ്ര സിങ് (42), സന്ദീപ് സിങ് (52), തുഷാര്‍ ഖണ്ഡേക്കര്‍ (69) എന്നിവരാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. അസ്ലന്‍ ഷാ കപ്പില്‍ അഞ്ചുതവണ കിരീടം നേടിയിട്ടുള്ള ടീമാണ് ഇന്ത്യ.

ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ന്യൂസീലന്‍ഡ് ഫൈനലില്‍ അര്‍ജന്റീനയെ ഏകപക്ഷീയമായ ഒരുഗോളിന് പരാജയപ്പെടുത്തി ചരിത്രത്തിലാദ്യമായി അസ്ലന്‍ഷാ കിരീടം നേടി. 18ാം മിനിറ്റില്‍ ആന്‍ഡി ഹേവാര്‍ഡാണ് വിജയഗോള്‍ കുറിച്ചത്.

Advertisement