നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്ലമിനെ വധിച്ചകേസിലെ പ്രതി സുമോഹന്‍ പൊലീസില്‍ കീഴടങ്ങി. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കോടതിയില്‍ കീഴടങ്ങാനെത്തിയ ഇയാളെ നാദാപുരം സി.ഐ ഓഫീസിലേക്ക് വിളിച്ച് വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

നേരത്തെ വളയം സ്വദേശിയായ സുമോഹന്‍ തന്റെ പുതിയ വീടിന്റെ പ്രവേശന കര്‍മത്തിന് എത്തിയിട്ടും പൊലീസ് അറസ്റ്റ് ചെയ്യാത്തത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. ആറ് മാസത്തോളമായി ഇയാള്‍ നാട്ടിലുണ്ടായിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു.

2016 ആഗസ്തിലായിരുന്നു തൂണേരിയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിപറമ്പത്ത് അസ്ലം കൊല്ലപ്പെട്ടത്. ഇതിന് ശേഷം സുമോഹന്‍ വിദേശത്തേക്ക് കടക്കുകയും പിന്നീട് നേപ്പാള്‍ വഴി നാട്ടിലെത്തുകയും ചെയ്തുവെന്നാണ് പൊലീസിന് ലഭിച്ചിരുന്ന വിവരം.

സി.പി.ഐ.എം പ്രവര്‍ത്തകനായ ഷിബിന്‍ വധക്കേസില്‍ കോടതി വെറുതെ വിട്ടയാളായിരുന്നു കൊല്ലപ്പെട്ട അസ്ലം. നേരത്തെ സുമോഹന് വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസും ഇറക്കിയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ നാദാപുരം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.