എഡിറ്റര്‍
എഡിറ്റര്‍
ബാര്‍ കോഴ: തെളിവുകള്‍ നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടും
എഡിറ്റര്‍
Friday 7th November 2014 11:30am

biju-ramesh

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തെളിവുകള്‍ നല്‍കാന്‍ ബാര്‍ അസോസിയേഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെടും. വിവാദ വെളിപ്പെടുത്തല്‍ നടത്തിയ ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. ബിജു രമേശ് ഇപ്പോള്‍ വിജിലന്‍സിന് മുന്നില്‍ മൊഴികൊടുക്കുകയാണ്. പത്ത് ദിവസത്തെ സമയമാണ് ബിജു രമേശ് ആവശ്യപ്പെടുക എന്നാണ് സൂചന.

അതേസമയം തെളിവുകള്‍ പുറത്ത് വിടണമെന്നാവശ്യം കേരളാ കോണ്‍ഗ്രസില്‍ നിന്നു തന്നെയുള്ള മൂന്ന് നേതാക്കള്‍ ഉന്നയിച്ചതായി ബിജു രമേശ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

പാര്‍ട്ടിക്ക് സംഭാവന നല്‍കിയതിന്റെ തെളിവുകളും വിജിലന്‍സിന് കൈമാറുമെന്നും ബാര്‍ കോഴക്കേസില്‍ ഒത്തുത്തീര്‍പ്പിന് ഉന്നതതല ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോഴ വാങ്ങിയെന്ന ആരോപണം മയപ്പെടുത്താനാണ് സാധ്യത.

നാല് വര്‍ഷം കൊണ്ട് 20 കോടിയില്‍ അധികം രൂപ കോഴയായി നല്‍കിയെന്നത് ഉള്‍പ്പെടെയുള്ള വെളിപ്പെടുത്തലുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പല നേതാക്കളും തങ്ങളില്‍ നിന്ന് കോഴ വാങ്ങിയെന്ന് ബാറുടമകളുടെ യോഗത്തില്‍ ബിജു രമേശ് വ്യക്തമാക്കിയിരുന്നു.

കെ.എം. മാണിക്ക് കോഴ നല്‍കിയതുമായി ബന്ധപ്പെട്ട് എന്ത് ഭവിഷ്യത്തും നേരിടാന്‍ തയ്യാറാണെന്നും ഏത് അന്വേഷണ ഏജന്‍സിക്ക് മുന്നിലും തെളിവുകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മന്ത്രിസഭയെ തെറിപ്പിക്കാന്‍ സാധിക്കുന്ന ഡൈനാമിറ്റുകള്‍ വരെ പക്കലുണ്ടെന്നും ആവശ്യമായാല്‍ ഇവ ഉപയോഗിക്കുമെന്നും ബിജു രമേശ് യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. മാതൃഭൂമിയുടെ ഒളിക്യാമറ ഓപ്പറേഷനിലാണ് ഈ വിവരങ്ങള്‍ പുറത്ത് വന്നത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിശ്വസിക്കാന്‍ പറ്റില്ലെന്നും അധികാരം നിലനിര്‍ത്താന്‍ അദ്ദേഹം എന്തും ചെയ്യുമെന്നും അദ്ദേഹം യോഗത്തില്‍ സൂചിപ്പിച്ചിരുന്നു.

എന്നാല്‍ തെളിവുകളൊന്നും പുറത്ത് വരാന്‍ പോകുന്നില്ലെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറയുന്നത്. ബാറുടമകളുടെ കൈയില്‍ നിന്ന് കാശുവാങ്ങാത്ത ഒരു രാഷ്ടീയക്കാരനും ഇല്ലെന്നും  ഇത് മുഖ്യമന്ത്രിയുടെ നല്ല കാലമാണെന്നും അദ്ദേഹം പറഞ്ഞു.

ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ തെളിവുകള്‍ പുറത്ത് വിടട്ടെയെന്നാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നത്. സര്‍ക്കാരിനെ താഴേയിറക്കാമെന്നുള്ളത് മലര്‍പ്പൊടികാരന്റെ സ്വപ്നമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement