വടകര: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധം സി.ബി.ഐക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടുമെന്ന് ആഭ്യന്തര മന്ത്രി  തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ടി.പി ചന്ദ്രശേഖരന്റെ വസതി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

ടി.പിയുടെ ഭാര്യ രമയുടെ ആവശ്യത്തിന് മുന്‍ഗണന നല്‍കുന്നെന്നും കേസിനെ ദുര്‍ബലപ്പെടുത്തുന്ന നയം സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെയാണ് തിരുവഞ്ചൂര്‍ ഒഞ്ചിയത്തെ ടി.പിയുടെ വസതി സന്ദര്‍ശിക്കാനെത്തിയത്.

അതേസമയം, സി.ബി.ഐ അന്വേഷണത്തില്‍ നിന്നും പിന്മാറില്ലെന്ന് കെ.കെ രമ ആവര്‍ത്തിച്ചു. കൊലപാതകത്തിലെ ഉന്നതതല ബന്ധം കണ്ടുപിടിക്കാന്‍ സി.ബി.ഐ അന്വേഷണം ആവശ്യമാണെന്നും രമ വ്യക്തമാക്കി.

ഏതാണ്ട് അരമണിക്കൂറോളം രമയും ആര്‍.എം.പി നേതാക്കളുമായും തിരുവഞ്ചൂര്‍ കൂടിക്കാഴ്ച്ച നടത്തി.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ടി.പി യുടെ ഭാര്യ കെ.കെ രമ മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു. ടി.പിയുടെ വധത്തിനുപിന്നില്‍ സി.പി.ഐ.എമ്മിലെ ഉന്നത നേതാക്കളുണ്ടെന്നും ഇവരെ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നും അതിനാല്‍ തുടരന്വേഷണം സി.ബി.ഐക്ക് വിടണമെന്നുമായിരുന്നു രമയുടെ ആവശ്യം.

രമയുടെ ആവശ്യം ന്യായമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനും വ്യക്തമാക്കിയിരുന്നു. രമയുടെ ആവശ്യം അംഗീകരിച്ചുകൊടുക്കേണ്ടത് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമാണെന്നായിരുന്നു വി.എസ് പറഞ്ഞിരുന്നത്. ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് ടി.പിയുടെ ഭാര്യ വിശ്വസിക്കുന്നുണ്ടെങ്കില്‍ ആ സംശയം ദൂരീകരിക്കേണ്ടതുണ്ടെന്നും വി.എസ് ആവശ്യപ്പെട്ടിരുന്നു.